ഭീകരര്‍ക്ക് താവളമൊരുക്കുന്നത് പാകിസ്താന്റെ ചരിത്ര സ്വഭാവം; അത് നന്നാവും വരെ ചില്ലി കാശ് തരില്ല! നിക്കി ഹാലി

യുഎസ് ഒരുരാജ്യത്തിന് സഹായം നല്‍കുമ്പോള്‍ തിരിച്ച് എന്തുകിട്ടുന്നു എന്നുകൂടി ചോദിക്കുന്നത് നല്ലതായിരിക്കും

വാഷിങ്ടണ്‍: ഭീകരര്‍ക്ക് താവളമൊരുക്കുന്നത് പാകിസ്താന്റെ ചരിത്രമുള്ള സ്വഭാവമാണെന്ന് യുഎന്നിലെ മുന്‍ യുഎസ് സ്ഥാനപതി നിക്കി ഹാലി. ആ സ്വഭാവം നന്നാവും വരെ ചില്ലി കാശ് തരില്ലെന്നും നിക്കി പറയുന്നു. പാകിസ്താനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും അവര്‍ പ്രകീര്‍ത്തിച്ചു.

യുഎസ് ഒരുരാജ്യത്തിന് സഹായം നല്‍കുമ്പോള്‍ തിരിച്ച് എന്തുകിട്ടുന്നു എന്നുകൂടി ചോദിക്കുന്നത് നല്ലതായിരിക്കും. യുഎന്നിലെ വിവിധ വിഷയങ്ങളില്‍ യുഎസിനെതിരായി നില്‍ക്കുന്ന ചരിത്രമാണ് പാകിസ്താനുള്ളത്. യുഎന്നില്‍നടന്ന നിര്‍ണായക വോട്ടെടുപ്പുകളില്‍ 76 ശതമാനത്തോളം വിഷയങ്ങളിലും പാകിസ്താന്‍ യുഎസിന് എതിരായിരുന്നു. 2017-ല്‍ പാകിസ്താന് 100 കോടി ഡോളറിന്റെ യുഎസ് സഹായമാണ് ലഭിച്ചത്.

ഇതില്‍ നല്ലൊരുപങ്കും പോയത് പാക് സൈന്യത്തിനാണ്. കുറച്ചുപണം റോഡ്, ഹൈവേ, ഊര്‍ജ പദ്ധതികള്‍ക്കായും ലഭിച്ചു -‘വിദേശസഹായം സുഹൃത്തുക്കള്‍ക്കുമാത്രം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ നിക്കി ഹാലി പറഞ്ഞു. ട്രംപ് ഭരണകൂടം നേരത്തേതന്നെ പാകിസ്താനുള്ള സഹായം വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഇനിയുംകൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Exit mobile version