‘ഒരു അണുബോംബിട്ട് ഇന്ത്യയെ നമ്മള്‍ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവനായി നശിപ്പിക്കും; അതിനാല്‍ 50 അണുബോംബ് ഉപയോഗിച്ച് ആദ്യം ഇന്ത്യയെ നശിപ്പിക്കുക’ ; പര്‍വേസ് മുഷറഫ്

ഇന്ത്യ-പാക് ബന്ധം വഷളായികൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു അണുബോംബ് പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും മുഷറഫ് പറഞ്ഞതായി കറാച്ചി പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: ഒരു അണുബോംബ് ഉപയോഗിച്ച് നമ്മള്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഇന്ത്യ 20 അണുബോംബുകള്‍ ഉപയോഗിച്ച് പാകിസ്താനെ നശിപ്പിക്കുമെന്ന് പാക് മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫ്. ഇന്ത്യ-പാക് ബന്ധം വഷളായികൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു അണുബോംബ് പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും മുഷറഫ് പറഞ്ഞതായി കറാച്ചി പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ-പാക് ബന്ധം വീണ്ടും വളരെ അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഒരു ആണവാക്രമണം ഉണ്ടാകാന്‍ പോകുന്നില്ല. നമ്മള്‍ ഒരു അണുബോംബിട്ട് ഇന്ത്യയെ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവനായി നശിപ്പിച്ച് കളയും. അതുകൊണ്ട് 50 അണുബോംബ് ഉപയോഗിച്ച് ആദ്യം ഇന്ത്യയെ ആക്രമിക്കുക എന്നത് മാത്രമാണ് വഴി. അപ്പോള്‍ ഇന്ത്യയ്ക്ക് 20 ബോംബ് ഉപയോഗിച്ച് നമ്മളെ ആക്രമിക്കാനാവില്ല. 50 അണുബോംബ് ഉപയോഗിച്ച് ഇന്ത്യയെ ആദ്യം ആക്രമിക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് പാക് ഭരണകൂടത്തോട് മുഷറഫ് ചോദിച്ചു.

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു മുഷറഫിന്റെ പരാമര്‍ശം. അതേസമയം ഇസ്രായേലിന് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്നും മുഷറഫ് പറഞ്ഞു. നിലവില്‍ യുഎഇയിലാണ് മുഷറഫ് ജീവിക്കുന്നത്. പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രാജ്യത്തേയ്ക്ക് തിരികെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version