ഇറാനെ നിരീക്ഷിക്കാന്‍ യുഎസ് ഇറാഖിന്റെ അനുമതി നേടിയിട്ടില്ല; ബര്‍ഹാം സലേഹ്

അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കരുതെന്നു ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ടെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സലേഹ് ചൂണ്ടിക്കാട്ടി

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് വഴി ഒരുക്കിയത്. ഇറാഖിന് പുറമെ അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് അഭിമുഖത്തിലാണ് അമേരിക്കന്‍ തന്ത്രം ട്രംപ് വെളിപ്പെടുത്തിയത്. ഇതോടെയാണ് ഇറാഖിലെ യുഎസ്- പാശ്ചാത്യ വിരുദ്ധ രാഷ്ട്രീയ നേതാക്കള്‍ വന്‍ പ്രതിഷേധത്തിന് ഒരുങ്ങിയത്. അതോടൊപ്പം യുഎസ് സൈന്യത്തെ ഇറാഖില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യവും ശക്തമായി കൊണ്ടിരിക്കുകയാണ്.

അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കരുതെന്നു ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ടെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സലേഹ് ചൂണ്ടിക്കാട്ടി. ഇറാനെ നിരീക്ഷിക്കാന്‍ യുഎസ് ഇറാഖിന്റെ അനുമതി നേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തനാക്കി. അഫ്ഗാനില്‍ കുറച്ചു സൈനികരെ നിലനിര്‍ത്തുന്നതോടൊപ്പം ഇന്റലിജന്‍സ് പ്രവര്‍ത്തനം ശക്തമാക്കുമെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലയാണ് പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയത്.

Exit mobile version