അമേരിക്കയില്‍ അതിശൈത്യം; ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞ് വീഴ്ച, ട്രെയിനുകള്‍ക്ക് നീങ്ങാന്‍ ട്രാക്കില്‍ തീയിട്ട് പരീക്ഷണം! അമ്പരപ്പിച്ച് ദൃശ്യങ്ങള്‍

ട്രെയിന്‍ സര്‍വീസ് കമ്പനിയായ 'മെട്ര'യുടെ ജീവനക്കാരാണ് ട്രാക്കില്‍ തീയിട്ട് മഞ്ഞുകട്ടകള്‍ ഉരുക്കിയത്.

ഷിക്കാഗോ: അമേരിക്ക ഇപ്പോള്‍ അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. പല പ്രദേശങ്ങളും മഞ്ഞ് വീണ് മൂടികിടക്കുകയാണ്. വാഹനങ്ങളുടെ ഡീസല്‍ പോലും തണുത്തുറയുന്ന സാഹചര്യമാണുള്ളത്. മഞ്ഞ് വീണ് ട്രെയിനിന് പോകാന്‍ പോലും ആവാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ ട്രാക്കില്‍ തീയിട്ടാണ് പരിഹാരം കാണുന്നത്.

ട്രെയിന്‍ സര്‍വീസ് കമ്പനിയായ ‘മെട്ര’യുടെ ജീവനക്കാരാണ് ട്രാക്കില്‍ തീയിട്ട് മഞ്ഞുകട്ടകള്‍ ഉരുക്കിയത്. മഞ്ഞുറഞ്ഞതോടെ ഉരുക്ക് സങ്കോചിക്കുന്ന അവസ്ഥയും ഉണ്ടായി. അതോടെ ട്രെയിനുകള്‍ ബ്രേക്കിട്ടതുപോലെ നില്‍ക്കുകയും ചെയ്തതായി മെട്ര വക്താവ് അറിയിച്ചു. പൊതുവെ പാളങ്ങള്‍ വെല്‍ഡ് ചെയ്താണ് മെട്ര കമ്പനി ട്രാക്കുകള്‍ നിര്‍മ്മിച്ചതെങ്കിലും ക്രോസിങ്ങുകള്‍ വരുന്ന സ്ഥലങ്ങളിലും മറ്റും പാളങ്ങള്‍ ബോള്‍ട്ടിട്ടും ബന്ധിപ്പിച്ചിട്ടുണ്ട്.

ഈ ഭാഗങ്ങളിലാണ് തണുപ്പ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത്. പാളങ്ങള്‍ വെല്‍ഡ് ചെയ്യാത്ത ഭാഗങ്ങളില്‍ റെയിലിനടിയിലൂടെ മണ്ണെണ്ണ നിറച്ച ചരട് വലിച്ച് അതിന് തീയിടുകയായിരുന്നു. തീപടിച്ച് ചൂടായതോടെ ചുരുങ്ങിയ ഭാഗങ്ങള്‍ വീണ്ടും വികസിച്ചു. ഇതിനു പിന്നാലെ ട്രാക്കുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വീണ്ടും ബോള്‍ട്ടിട്ട് ഉറപ്പിച്ചു. ചിലയിടത്ത് വെല്‍ഡ് ചെയ്തും പാളങ്ങള്‍ ബന്ധിപ്പിച്ചു. പലയിടത്തും യാത്ര തുടരാന്‍ കുറച്ചധികം സമയമെടുത്തെങ്കിലും യാത്രക്കാരും മറ്റും പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.

Exit mobile version