ഒട്ടാവ: പറക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത നിറഞ്ഞ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ താഴേക്ക് വീണ് യൂട്യൂബ് താരവും കനേഡിയന്‍ റാപ്പറുമായ ജോണ്‍ ജെയിംസ് മരിച്ചു.
സംഭവം ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണിലാണ് നടന്നത്. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി വിമാനത്തിന് മുകളില്‍ സാഹസികതയ്ക്ക് ഒരുങ്ങിയത്.
വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുമ്പോള്‍ പെട്ടെന്ന് വിമാനം കുത്തനേ താഴേക്ക് ചെരിയുകയും പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും മുന്നെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടം പൊടുന്നനെയായിരുന്നതിനാല്‍ ജോണിന് പാരച്യൂട്ട് ഉപയോഗിക്കാനുള്ള സമയം കിട്ടിയിരുന്നില്ല.
എന്നാല്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. സ്റ്റണ്ട് വിദഗ്ധനായിരുന്ന ജോണിന്റെ മരണത്തെ റോയല്‍ കനേഡിയന്‍ പോലീസ് ഒരു പാരച്യൂട്ടറുടെ പെട്ടെന്നുള്ള മരണം എന്നാണ് വിശേഷിപ്പിച്ചത്.