ടെൽ അവീവ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് ജീവിതം തന്നെ ഇല്ലാതായി. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്‍റെ ആക്രമണം.