ഒരു ഭാഗത്ത് ആഹാരമേ കിട്ടാത്ത മനുഷ്യര്‍, മറുഭാഗത്താകട്ടെ അമിത ആഹാരപ്രിയരും; ആഗോള ഭക്ഷ്യശൃംഖല തകര്‍ന്നെന്ന് പഠനം

ശാസ്ത്ര- വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച 130 വിദഗ്ധരടങ്ങിയ സംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്

ആഗോള ഭക്ഷ്യശൃംഖലയ്ക്ക് നാശം സംഭവിച്ചതായി നിഗമനം. ശാസ്ത്ര- വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച 130 വിദഗ്ധരടങ്ങിയ സംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഭൂഗോളത്തെ താങ്ങാനാകാത്ത കാലാവസ്ഥാ പ്രതിസന്ധിയിലേക്കാണ് നിലവിലെ സാഹചര്യം എത്തിച്ചത്. തികച്ചും അന്തരീക്ഷത്തിനും ആരോഗ്യത്തിനും ചേര്‍ന്നുനില്‍ക്കുന്ന ഭക്ഷണക്രമീകരണം ലോകത്തിലെ മുഴുവന്‍ മനുഷ്യരും പാലിക്കാന്‍ സന്നദ്ധരായാല്‍ മാത്രമെ ഈ പ്രതിസന്ധി മറികടക്കാനാകൂ. അത് അമിത ചെലവ് വരുത്തിവെക്കാത്ത തരത്തിലുള്ളതുമാകണം. കാര്‍ഷിക രംഗം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണ കാര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയൊരുക്കുന്നത് സമ്പന്ന രാജ്യങ്ങളാണ്. പോഷകാഹാരമാണ് അവരുടെ ലക്ഷ്യം. മാംസത്തിന്റെ ഉപയോഗം ബാക്കി രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റര്‍ അക്കാദമി പാട്ണര്‍ഷിപ്പ് (inter academy partnership) എന്ന വിദഗ്ധ സംഘം ഈ റിപ്പോര്‍ട്ട് തയ്യാറാക്കാനെടുത്ത കാലതാമസം മൂന്ന് വര്‍ഷമാണ്. അത്രത്തോളം തെളിവുകള്‍ ശേഖരിച്ചും ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയുമാണ് നിഗമനങ്ങളിലേക്ക് എത്തിയത്.

ഹരിതഗൃഹ പ്രഭാവത്തിന്റെ മൂന്നിലൊന്ന് സംഭാവന ആഹാരശൃംഖല സമ്മാനിക്കുന്നതാണ്. ഗതാഗത സംവിധാനം, ചൂട്, ലൈറ്റിംഗ് തുടങ്ങിയവയില്‍ നിന്നുമുള്ള പ്രഭാവത്തേക്കാള്‍ കൂടുതലാണിത്. പ്രളയത്തിലും വരള്‍ച്ചയിലുമെത്തി നില്‍ക്കുന്ന ആഗോളതാപന പ്രതിഭാസത്തിന് ആഹാരശൃംഖലയുടെ തകര്‍ച്ചയില്‍ പങ്കുണ്ട്.

ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പോഷകാഹാരം എത്തിക്കുന്നതില്‍ ആഹാരശൃംഖല പരാജയപ്പെട്ടു. 2017ല്‍ യു.എന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 820 മില്യണ്‍ വ്യക്തികളാണ് പട്ടിണി അറിഞ്ഞത്. ലോകസംഖ്യയുടെ മൂന്നിലൊന്നിന് ആവശ്യത്തിന് വൈറ്റമിന്‍ ലഭിക്കുന്നില്ല. അതേസമയം മറ്റൊരു 600 മില്യണ്‍ പേരുടെ ആഹാരരീതി തീര്‍ത്തും അമിതമാണ്. ഇവരില്‍ 2 ബില്യണ്‍ പൊണ്ണത്തടിയുള്ളവരും തന്മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടായവരും. ഇതിന് പുറമെ ഞെട്ടിക്കുന്ന വസ്തുതയായത് മറ്റൊരു നിഗമനമാണ്. ലോകത്താകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന്, അതായത് 1 ബില്യണ്‍ ടണ്‍ ഭക്ഷണം, പ്രതിവര്‍ഷം നാം വലിച്ചെറിയുന്നുണ്ട്!

കാര്‍ഷികവൃത്തിയില്‍ നിന്ന് ഉണ്ടാക്കുന്ന ലാഭത്തിന്റെ ഇരട്ടിയാണ് നിലവില്‍ ആരോഗ്യപരിപാലത്തിനായി ചെലവഴിക്കുന്ന തുകയും അന്തരീക്ഷ പരിപാലനത്തിനായി ചെലവഴിക്കേണ്ട തുകയുമെന്ന് പ്രൊഫ. ടിം ബെന്‍ടണ്‍ വ്യക്തമാക്കുന്നു. ലീഡ്സ് സര്‍വ്വകലാശാല ഗവേഷകനായ പ്രൊഫ. ബെന്‍ടണ്‍ ആണ് ഈ സംഘത്തിന് നേതൃത്വം നല്‍കിയത്.

‘ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നീ ഭാഗങ്ങള്‍ ചിന്തിക്കുമ്പോള്‍ നിലവിലെ ആഹാരസംവിധാനം സുസ്ഥിരമല്ല. മാത്രമല്ല, കുതിച്ചുയരുന്ന ലോക ജനസംഖ്യ മറ്റൊരു ഭീഷണിയാണ്. എല്ലാവര്‍ക്കും കൃത്യമായി വീതിക്കാനുള്ള ആഹാരം ഇന്ന് ഭൂമിയില്‍ തയ്യാറാകുന്നില്ല; ഉത്പാദിപ്പിക്കുന്നുമില്ല’- പ്രൊഫ. ബെന്‍ടണ്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

പാലുത്പന്നങ്ങളും മാംസവും കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതാണ് ഈ പ്രതിസന്ധി നേരിടാനുള്ള ഏറ്റവും മികച്ച മാര്‍ഗം. ആഗോളതാപനത്തെ നേരിടാന്‍ ഇതിലും മികച്ച വഴി നമ്മുക്ക് മുന്നിലില്ലെന്നും വിദഗ്ധസംഘം വ്യക്തമാക്കുന്നു.

‘വെജിറ്റേറിയന്‍/ വീഗന്‍ ഭക്ഷണരീതിയിലേക്ക് നാം മടങ്ങേണ്ടതിന്റെ ആവശ്യകത വളരെ വലുതാണിന്ന്. കന്നുകാലികളെ വളര്‍ത്തുന്നതും തുടര്‍ന്ന് അറവുചെയ്യുന്നതുമായ പ്രക്രിയ വലിയ തോതില്‍ ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നു. ലോകത്തിലെ മുഴുവന്‍ വാഹനങ്ങള്‍ (‘ട്രെയിന്‍, വിമാനം ഉള്‍പ്പെടെ) ചേര്‍ന്ന് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവും ഇത്തരത്തില്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ കണക്കും ഒന്നാണ്!’

‘ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ക്ക് പോഷകം ലഭ്യമാക്കാന്‍ പാലും മുട്ടയും മാംസവും പ്രധാനമാണ്. ഈ സഹാചര്യത്തിലാണ് ആഹാരത്തിനല്ലാതെ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് കന്നുകാലികള്‍ ഉപയോഗിക്കപ്പെടുന്നു എന്ന് ചിന്തിക്കേണ്ടത്. കമ്പിളി, തുകല്‍, വളം, ഗതാഗതം തുടങ്ങിയിടങ്ങളില്‍ കണക്കെടുപ്പ് നടക്കേണ്ടതുണ്ട്’- ഐ.എ.പി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍.

പോളണ്ടിലെ കാറ്റവൈസില്‍ നടന്നുകണ്ടിരിക്കുന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയെ മികച്ച അവസരമായി സംഘാംഗം പ്രൊഫ. ജൊയാച്ചിം ബ്രോണ്‍ (Joachim Braun) കണക്കാക്കുന്നു. നിലവിലെ സാഹചര്യത്തിനെതിരെ രാഷ്ട്രീയ ഇടപെടലുകള്‍ ഈ ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു

Exit mobile version