ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത് പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിയാല്‍കോട്ടിലെ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഷാഹിദ് ലത്തീഫിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊലപ്പെട്ടത് പള്ളിയില്‍വെച്ച്. സിയാല്‍കോട്ടിലെ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഷാഹിദ് ലത്തീഫിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ആയുധധാരികളായ സംഘം പള്ളിയില്‍ കയറി ഇയാള്‍ക്ക് നേരെ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, പ്രാദേശികമായ തീവ്രവാദ സംഘങ്ങളാണ് കൊലക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളിയായിരുന്നു ഷാഹിദ്. ഇയാള്‍ക്കായി ഇന്ത്യ വലവിരിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ജെയ്‌ഷെ മുഹമ്മദിന്റെ ഫിയാദീന്‍ സ്‌ക്വാഡിന്റെ നിയന്ത്രണം ഷാഹിദിനായിരുന്നു. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഷാഹിദ് ലത്തീഫ്.

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. 1994ല്‍ ഇയാള്‍ ലഹരി, തീവ്രവാദക്കേസുകളില്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായിരുന്നു. 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വാഗാ അതിര്‍ത്തിയിലൂടെ നാടുകടത്തി. തുടര്‍ന്ന് 2010ല്‍ ഇയാളെ ഭീകരരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

Exit mobile version