കാനഡയില്‍ വിവാഹ ചടങ്ങിനിടെ വെടിവയ്പ്പ്, 2 പേര്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരിക്ക്

ശനിയാഴ്ച രാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്.

കാനഡ: ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷന്‍ ഹാളിന് പുറത്ത് പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വെടിവയ്പ്പുണ്ടായത്. ശനിയാഴ്ച രാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്. സൗത്ത് എന്‍ഡ് കണ്‍വെന്‍ഷന്‍ ഹാളിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഞെട്ടിപ്പോയ ആളുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

‘പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. പിന്നാലെ നിലവിളി ഉയര്‍ന്നു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വെടിയൊച്ച കേട്ടു. 15-16 തവണയെങ്കിലും അക്രമി വെടിവച്ചു. രക്ഷപ്പെടാന്‍ ആളുകള്‍ പരക്കം പായുകയായിരുന്നു’- സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

വെടിവയ്പ്പില്‍ ടൊറന്റോ സ്വദേശികളായ 26ഉം 29ഉം വയസ്സുള്ള രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ആറ് പേരില്‍ അമേരിക്കന്‍ പൗരന്മാരും ഉണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.

Exit mobile version