ഇസ്രായേലിലേക്ക് യാത്ര പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാതായി; ജോലിക്കായി മുങ്ങിയെന്ന് സംശയം

കാണാതായവരെ കണ്ടെത്തിക്കൊടുത്തില്ലെങ്കില്‍ ഒരാള്‍ക്ക് 15000 ഡോളര്‍ (ഏകദേശം 12 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് ഇസ്രായേല്‍ കമ്പനി ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

മലപ്പുറം: ട്രാവല്‍ എജന്‍സി വഴി ഇസ്രായേലിലേക്ക് പുറപ്പെട്ട മലയാളി സംഘത്തിലെ ഏഴുപേരെ കാണാതായി. സംഭവത്തെ തുടര്‍ന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലില്‍ തടഞ്ഞുവെച്ചു. ചൊവ്വാഴ്ചയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 47 പേരടങ്ങുന്ന സംഘം ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവടങ്ങളിലേക്ക് യാത്ര തിരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നാലു പേരെയും കൊല്ലത്തു നിന്നുള്ള മൂന്നു പേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് സ്ത്രീകളുമുള്‍പ്പെടുന്നു. ഇവര്‍ ജോലിക്കായി മുങ്ങിയതാണെന്നാണ് സംശയം.

പതിവായി തീര്‍ഥാടന യാത്രകള്‍ നടത്തുന്ന ടൂര്‍ കമ്പനിയായ ഗ്രീന്‍ ഒയാസിസ് ആണ് ഇവര്‍ക്ക് യാത്ര സംഘടിപ്പിച്ചത്. സംഘം വ്യാഴാഴ്ച ജോര്‍ദാനില്‍ എത്തുകയും ചെയ്തു. ഒമ്പതുപേര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കാന്‍ വിസ കിട്ടിയില്ല. ബാക്കി 38 പേര്‍ ഇസ്രായേലിലെത്തി. ജെറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ എത്തിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നും മറ്റ് അത്യാവശ്യങ്ങളുണ്ടെന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികളോട് പറഞ്ഞ് ഇവരില്‍ പലരും പുറത്തിറങ്ങി.

പിന്നീട് ഇവരില്‍ 7 പേര്‍ തിരിച്ചെത്തിയില്ല. ഇതോടെ സംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേല്‍ ടൂര്‍ കമ്പനി തടഞ്ഞുവെയ്ക്കുകയായിരുന്നു. ഈ കമ്പനിയുമായുള്ള ധാരണയിലാണ് ഗ്രീന്‍ ഒയാസിസ് യാത്രകള്‍ സംഘടിപ്പിച്ചിരുന്നത്. 12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവെച്ചത്.

അതേസമയം, ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അവരുടെ താമസം, ഭക്ഷണം, മറ്റു സേവനങ്ങള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുന്നതായും ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. കാണാതായവരെ കണ്ടെത്തിക്കൊടുത്തില്ലെങ്കില്‍ ഒരാള്‍ക്ക് 15000 ഡോളര്‍ (ഏകദേശം 12 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് ഇസ്രായേല്‍ കമ്പനി ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ഇസ്രായേലിലേക്ക് വിസ കിട്ടാതിരുന്ന ഒന്‍പതുപേരില്‍ അഞ്ചുപേര്‍ ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. ബാക്കി നാലുപേര്‍ കപ്പലില്‍ ഈജിപ്തിലേക്ക് പോയി.

Exit mobile version