ട്രംപിന് തിരിച്ചടി: നാന്‍സി പെലോസി ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ഇത് രണ്ടാംതവണയാണ് നാന്‍സി പെലോസി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്

യുഎസ്സില്‍ ഡെമോക്രാറ്റുകള്‍ രാഷ്ട്രീയ ആധിപത്യത്തിലേക്ക് സഞ്ചരിക്കുന്നതിന്റെ സൂചനകള്‍ നല്‍കി നാന്‍സി പെലോസി ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാംതവണയാണ് നാന്‍സി പെലോസി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്.

2006ലെ പൊതുതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയപ്പോഴാണ് പെലോസി ആദ്യമായി സ്പീക്കറായത്. അമേരിക്കയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യത്തെ വനിതാ സ്പീക്കറെന്ന ബഹുമതിയും അന്ന് നേടി.

കാലിഫോര്‍ണിയയുടെ 12-ാമത് കണ്‍ഗ്രഷണല്‍ ഡിസിട്രിക്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായാണ് പെലോസി സഭയിലെത്തിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 430 വോട്ടില്‍ 220 വോട്ടും പെലോസി നേടി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കെവിന്‍ മക്കാര്‍ത്തിക്ക് 192 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

നാന്‍സി പെലോസിക്കെതിരെ പാര്‍ട്ടിക്കകത്ത് ശക്തമായ ചില വിയോജിപ്പുകള്‍ രൂപപ്പെട്ട സാഹചര്യത്തിലായിരുന്നു സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പുതിയ തലമുറയ്ക്ക് ഇടം നല്‍കണമെന്ന ആവശ്യമുയര്‍ത്തി ചെറുപ്പക്കാരായ അംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. എങ്കിലും ഇതിനെ മറികടക്കാന്‍ പെലോസിക്കായി. ഇവര്‍ക്ക് ആകെ നഷ്ടപ്പെട്ടത് 15 ഡെമോക്രാറ്റ് വോട്ടുകളാണ്.

1955നു ശേഷമാണ് ഒരംഗം രണ്ടാംതവണയും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും നാന്‍സി പെലോസിയുടെ വിജയത്തിനു പിന്നിലുണ്ട്. 1955ല്‍ സാം റൈബണ്‍ ആണ് സ്പീക്കറായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version