അസാധാരണമായ മുറിവുകള്‍, ദുരൂഹ സാഹചര്യത്തില്‍ കഴുകന്റെ മരണം; വിവരം നല്‍കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മൃഗശാല

കഴുകന് പരിക്കേറ്റതിന് ഒരാഴ്ച മുമ്പാണ് ഇവിടെ ഒരു മേഘപ്പുലിയെ കാണാതായത് എന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.

സംശയാസ്പദമായി കഴുകനെ ചത്ത നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മൃഗശാല അധികൃതര്‍. വംശനാശഭീഷണി നേരിടുന്ന ഒരു കഴുകനെയാണ് ടെക്സാസ് മൃഗശാലയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച അധികൃതരാണ് ഈ വിവരം പുറത്ത് വിട്ടത്.

കഴുകന്റെ ദേഹത്ത് സാധാരണമല്ലാത്ത രീതിയില്‍ ഉള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കഴുകന് പരിക്കേറ്റതിന് ഒരാഴ്ച മുമ്പാണ് ഇവിടെ ഒരു മേഘപ്പുലിയെ കാണാതായത് എന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പിന്‍ എന്ന് പേരുള്ള ഈ കഴുകന് 35 വയസാണ് പ്രായം. കഴിഞ്ഞ 32 വര്‍ഷങ്ങളായി അത് ഈ മൃഗശാലയിലുണ്ട്. കഴുകന്റെ മരണം സ്വാഭാവിക കാരണങ്ങളാലല്ല എന്നാണ് മനസിലാകുന്നത് എന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ മൃഗശാല പുറത്ത് വിട്ടിട്ടില്ല. വംശനാശ ഭീഷണി നേരിടുന്ന ഈ കഴുകന്മാര്‍ ലോകത്തിലാകെയായി 6500 എണ്ണം മാത്രമാണ് ഉള്ളത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ മൃഗശാലയില്‍ നടക്കുന്ന രണ്ടാമത്തെ സംശയാസ്പദമായ സംഭവമാണ് കഴുകന്റെ മരണം. അതുപോലെ തന്നെ ലംഗൂര്‍ കുരങ്ങുകളുടെ കൂടുകളും പൊളിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത്രയധികം സംശയസ്പദമായ സംഭവങ്ങള്‍ നടന്നതോടെ മൃഗശാല അതിന്റെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒറ്റരാത്രി കൊണ്ട് സുരക്ഷാഗാര്‍ഡുകളുടെ എണ്ണം ഇരട്ടിയാക്കി. അതുപോലെ നൂറിലധികം ക്യാമറ മൃഗശാലയിലും പരിസരത്തും സ്ഥാപിച്ചു. ഇതിനെല്ലാം പുറമേ ഇവിടെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും മൃഗശാല വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version