‘റോ’ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഇക്കാര്യം സംസാരിച്ചതായും സിരിസേന പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് റോ തന്നെ വധിക്കാന്‍ ശ്രമിച്ചതായി മന്ത്രിസഭാ യോഗത്തില്‍ സിരിസേന പറഞ്ഞതായാണ്. ഇക്കാര്യം മോദിക്ക് അറിവുണ്ടോയെന്ന് തനിക്ക് വ്യക്തതയില്ലെന്ന് സിരിസേന പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നത് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കാനിരിക്കെയാണ്.

സിരിസേന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് ആ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ്. സിരിസേനയെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് നമല്‍കുമാര എന്നയാളും ഇയാളെ സഹായിച്ചതിന് എം തോമസ് എന്ന മലയാളിയും ശ്രീലങ്കയില്‍ അറസ്റ്റിലായിരുന്നു. പക്ഷേ ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. വധശ്രമത്തിന് പിന്നില്‍ റോയാണെന്ന് സിരിസേന പറഞ്ഞതായി ആരോപിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നത് ഈ മാധ്യമറിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തിയാണ്.

Exit mobile version