ഭൂമിയില്‍ ജീവിക്കാനുള്ള കാലാവധി രണ്ട് വര്‍ഷം; കൃത്യമായി പാലിച്ച് കുഞ്ഞ് അബ്ദുള്ള ലോകം വിട്ടു, ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കിക്കൊണ്ട്…!

യുഎസ് പൗരന്‍ അലി ഹസന്റെയും യെമെന്‍ പൗര ഷൈമ സ്വിലേയുടെയും മകനാണ് അബ്ദുള്ള.

വാഷിങ്ടണ്‍: കുഞ്ഞ് അബ്ദുള്ളയ്ക്ക് വിധി ഭൂമിയില്‍ ജീവിക്കാന്‍ നല്‍കിയത് രണ്ട് വര്‍ഷം മാത്രമാണ്. ആ രണ്ട് വര്‍ഷം കിടക്കയില്‍ കിടന്ന് കാലാവധി പൂര്‍ത്തിയാക്കി ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അവന്‍ ലോകം വിട്ട് പോയി. ആഗോളതലത്തില്‍ തന്നെ വന്‍ വാര്‍ത്തയായി മാറിയതായിരുന്നു കുഞ്ഞ് അബ്ദുള്ളയുടെ അവസ്ഥ. അന്ന് മുതല്‍ പ്രാര്‍ത്ഥിച്ച് ലോക ജനതയും ഒപ്പമുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനകളാണ് ഇന്ന് വിഫലമായത്.

തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷന്‍ എന്ന അസുഖത്തിന് കാലിഫോര്‍ണിയയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അവനെ കാണാന്‍ അമ്മ യെമെനി സ്വദേശിനി ഷൈമ സ്വിലേയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതോടെയാണ് കുഞ്ഞ് അബ്ദുള്ളയുടെ അവസ്ഥയും മറ്റും ലോകം അറിയുന്നത്. മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കായിരുന്നു ഇവിടെ വില്ലനായത്.

യുഎസ് പൗരന്‍ അലി ഹസന്റെയും യെമെന്‍ പൗര ഷൈമ സ്വിലേയുടെയും മകനാണ് അബ്ദുള്ള. യെമെനിലായിരുന്നു അലിയുടെ കുടുംബം. എന്നാല്‍ യെമെനില്‍ യുദ്ധം രൂക്ഷമായതോടെ ഇവര്‍ ഈജിപ്തിലേക്ക് കുടിയേറി. അന്ന് അബ്ദുള്ളയ്ക്ക് വെറും എട്ടുമാസം മാത്രം പ്രായം. അബ്ദുള്ളയുടെ രോഗം തിരിച്ചറിയുന്നതും ആ കാലഘട്ടത്തില്‍ ആയിരുന്നു. ശ്വസനത്തിനുള്ള കഴിവിനെ ബാധിക്കുന്ന രോഗമാണ് ഹൈപ്പോമിലിനേഷന്‍.

മൂന്നുമാസം മുന്‍പാണ് വിദഗ്ധചികിത്സയ്ക്കായി അബ്ദുള്ളയും അച്ഛനും കാലിഫോര്‍ണിയയിലെത്തുന്നത്. ഓക്ലന്‍ഡിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു ചികിത്സ. എന്നാല്‍ അബ്ദുള്ളയ്ക്കിനി അധികനാള്‍ ജീവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മകനെ കാണാന്‍ ഷൈമ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും യുഎസ് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ ഷൈമയ്ക്ക് വിസ അനുവദിച്ചു. ഡിസംബര്‍ 19-ന് അവര്‍ കാലിഫോര്‍ണിയയിലെത്തി.

Exit mobile version