പാട്രിക് ഷഹനാന്‍ യുഎസ് പ്രതിരോധ സെക്രട്ടറിയാകും

ജിം മാറ്റിസ് രാജിവച്ച ഒഴിവിലാണു നിയമനം. പ്രതീക്ഷിച്ചതിലും രണ്ടുമാസം മുമ്പേയാണ് പ്രതിരോധ സെക്രട്ടറി പദത്തില്‍ പുതിയ ആളെത്തുന്നത്

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധസെക്രട്ടറിയായി പാട്രിക് ഷഹനാനെ നിയമിക്കുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ജിം മാറ്റിസ് രാജിവച്ച ഒഴിവിലാണു നിയമനം. പ്രതീക്ഷിച്ചതിലും രണ്ടുമാസം മുമ്പേയാണ് പ്രതിരോധ സെക്രട്ടറി പദത്തില്‍ പുതിയ ആളെത്തുന്നത്.

സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതിനൊപ്പം അഫ്ഗാനിസ്ഥാനിലെ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. വിദേശനയത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള രാജിക്കത്തിലെ പരാമര്‍ശങ്ങളില്‍ ട്രംപിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

യുഎസിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷികളെ പിണക്കുന്നതാണു ട്രംപിന്റെ തീരുമാനമെന്നു കത്തില്‍ സൂചിപ്പിച്ചിരുന്നു. അടുത്ത ഫെബ്രുവരി അവസാനത്തോടെ സ്ഥാനമൊഴിയുമെന്നു കത്തിന്റെ അവസാനം മാറ്റിസ് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതു കണക്കിലെടുക്കാതെയാണ് ട്രംപ് പിന്‍ഗാമിയെ പ്രഖ്യാപിച്ചത്.

അതിനിടെ സിറിയയില്‍നിന്ന് യുഎസ് സേനയെ പിന്‍വലിക്കാനുള്ള ഉത്തരവില്‍ ഒപ്പിട്ടതായി യുഎസ് സൈനികവക്താവ് അറിയിച്ചു. ഐഎസിനെ ഏതാണ്ട് ഉന്മൂലനം ചെയ്തുവെന്ന പ്രസ്താവനയോടെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്നു കഴിഞ്ഞദിവസമാണു പ്രസിഡന്റ ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജിം മാറ്റിസിനു പുറമേ ഐഎസിനെതിരായ ആഗോള സഖ്യത്തിലെ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും രാജിവച്ചിരുന്നു.

Exit mobile version