‘നീ ഇല്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും..? ജീവന്‍ തന്നപ്പോള്‍ ജീവിതം പകരമായി എടുത്തില്ലേ’ ഇന്തോനേഷ്യയിലെ ദുരന്തത്തില്‍ നഷ്ടപ്പെട്ട ജീവിത സഖിയെ ഓര്‍ത്ത് കണ്ണീരൊഴുക്കി ഇഫാന്‍

'നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദിലന് വേണ്ടി ഇനിയും പ്രാര്‍ത്ഥിക്കണം, അവള്‍ ശാന്തിയില്‍ വിശ്രമിക്കട്ടെ

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ രണ്ടുദിവസം മുന്‍പ് ആഞ്ഞടിച്ച സുനാമിത്തിരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഒരു സംഗീതവേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കിയിരുന്നു. ഇന്തൊനീഷ്യയിലെ പ്രശസ്ത പോപ് സംഘമായ സെവന്റീന്‍ ജാവ ദ്വീപിലെ ടാന്‍ജങ് ലെസങ് ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് സുനാമിത്തിര ഇരച്ചെത്തിയത്.


ബാന്റിലെ പ്രധാന ഗായകനായ ഇഫാന്‍ എന്ന റെയ്ഫിയാന്‍ ഭാര്യ ദിലന്‍ സഹാറയ്‌ക്കൊപ്പമായിരുന്നു അന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. നടിയും ടിവി അവതാരകയുമായിരുന്നു ദിലന്‍. റിഫിയാന്റെ പാട്ടുകേള്‍ക്കാനും അദ്ദേഹത്തെ പ്രോല്‍സാഹിപ്പിക്കാനും എത്തിയതായിരുന്നു ഭാര്യ ഡെയ്‌ലന്‍ സഹാറ. വേദിയില്‍ ആവേശകരമായി പരിപാടി നടക്കുമ്പോള്‍ അപ്രതീക്ഷമായി കൂറ്റന്‍ തിരകള്‍ ആഞ്ഞടിച്ചെത്തി തിരകള്‍ വേദിയും പരിസരവുമെല്ലാം പൂര്‍ണ്ണമായും വിഴുങ്ങി.

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരെല്ലാം അപകടത്തില്‍ പെട്ടുവെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ തിരച്ചലില്‍ ദുരന്തമുഖത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ കൂട്ടത്തില്‍ തന്റെ പ്രിയ ഭാര്യയുടെ മൃതദേഹവും ഫജര്‍സിയാഗ് തിരിച്ചറിഞ്ഞു. ബാന്‍ഡില്‍ ഇഫാന്‍ ഒഴികെയുള്ള മൂന്ന് പേരുടെയും ജീവന്‍ ദുരന്തത്തില്‍ നഷ്ടമായി. ദിലന്റെ മരണവിവരം അറിഞ്ഞ് സമൂഹമാധ്യമങ്ങള്‍ വഴി ഇഫാന് നൂറുകണക്കിന് അനുശോചന സന്ദേശങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് ഇഫാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ മറുപടിയും നല്‍കി.

‘നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദിലന് വേണ്ടി ഇനിയും പ്രാര്‍ത്ഥിക്കണം, അവള്‍ ശാന്തിയില്‍ വിശ്രമിക്കട്ടെ..’- ഇഫാന്‍ കുറിച്ചു.
ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും ഇഫാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും..’ നിറഞ്ഞ കണ്ണുകളോടെ ഫജര്‍സിയാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Exit mobile version