ബ്രിട്ടന് പിന്നാലെ മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അനുമതി നല്‍കി യുഎസും

വാഷിംഗ്ടണ്‍ : ബ്രിട്ടന് പിന്നാലെ കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മെര്‍ക്ക് കമ്പനിയുടെ മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അംഗീകാരം നല്‍കി യുഎസ്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന ഗുളികയ്ക്കാണ് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി.

3.1മില്യണ്‍ ഗുളികകളുടെ കരാറാറിനാണ് യുഎസ് സര്‍ക്കാരുമായി കമ്പനി ഒപ്പിട്ടിരിക്കുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മരുന്ന് ഉപയോഗിക്കുന്നതിനനുമതിയില്ല. കഴിഞ്ഞ ദിവസം ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസര്‍ കമ്പനിയുടെ കോവിഡ് ഗുളികയ്ക്ക് യുഎസ് അനുമതി നല്‍കിയിരുന്നു.

പ്രായപൂര്‍ത്തിയായവരില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ മരിക്കാനോ ഉള്ള സാധ്യത മാള്‍നുപിരാവിര്‍ ഗുളിക 30 ശതമാനമായി കുറയ്ക്കുന്നുവെന്ന് നവംബറില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. എന്നിരുന്നാലും ഗുളിക എല്ലുകളെയും തരുണാസ്ഥിയുടെ വളര്‍ച്ചയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മോള്‍നുപിരാവിറിന് കഴിഞ്ഞ നവംബറില്‍ ബ്രിട്ടനാണ് ആദ്യമായി അംഗീകാരം നല്‍കുന്നത്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം മരുന്ന് നല്‍കണമെന്നായിരുന്നു ബ്രിട്ടീഷ് ഏജന്‍സിയുടെ നിര്‍ദേശം. ഗുളികയുടെ സുരക്ഷിതത്വം, ഗണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം കര്‍ശനമായി പരിശോധിച്ചതിന് ശേഷമാണ് ഗുളികയ്ക്ക് ബ്രിട്ടന്‍ അനുമതി നല്‍കിയത്.

Exit mobile version