കോവിഡ്19 : നാലാം ഡോസ് വാക്‌സീന്‍ നല്‍കുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രയേല്‍

ജറുസലേം : ലോകത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലാം ഡോസ് വാക്‌സീന്‍ നല്‍കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേല്‍. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.340 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നാലാമത്തെ ഡോസ് വാക്‌സീന്‍ പുറത്തിറക്കാന്‍ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

മൂന്നാം ഡോസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷം നാലാമത്തെ ഡോസ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലാം ഡോസിന് സാധ്യതയുണ്ടെന്ന വാര്‍ത്ത ഒമിക്രോണ്‍ തരംഗത്തിലൂടെ കടന്നുപോകാന്‍ രാജ്യത്തെ സഹായിക്കുമെന്നും എത്രയും വേഗം ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ജനങ്ങളോടഭ്യര്‍ഥിച്ചു.

ഇസ്രയേലില്‍ 9.3ദശലക്ഷം വരുന്ന ജനസംഖ്യയുടെ 63ശതമാനം മാത്രമേ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുള്ളൂ. രാജ്യത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് 14 വയസ്സുള്ളവരാണ്. നവംബര്‍ മുതല്‍ അഞ്ച് വയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തീരുമാനമായിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗ്യരായ എല്ലാ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. വൈറസ് ബാധ പടരുന്നത് തടയാന്‍ യുഎസ്, ജര്‍മനി, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് ഇസ്രയേല്‍ നീട്ടിയിട്ടുണ്ട്.

കോവിഡ് മൂലം 8200 പേരാണ് ഇസ്രയേലില്‍ മരണമടഞ്ഞത്. മഹാമാരിയുടെ തുടക്കം മുതല്‍ 1.36 ലക്ഷത്തിലധികം പേര്‍ രോഗബാധിതരായി.

Exit mobile version