വാക്‌സീനെടുക്കാന്‍ കൃത്രിമക്കൈ : ഇറ്റാലിയന്‍ ദന്തഡോക്ടറെ ‘കയ്യോടെ’ പിടികൂടി നഴ്‌സ്

മിലാന്‍ : വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരെ പൊതുയിടങ്ങളിലും പരിപാടികളിലും നിന്ന് വിലക്കുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഇറ്റലിയില്‍ തട്ടിപ്പുവീരന്മാര്‍ തലപൊക്കിത്തുടങ്ങി. ആന്റീ-വാക്‌സിനേഷന്‍ ക്യാംപെയ്‌നുകളിലും മറ്റും സജീവമായി പങ്കെടുത്തിരുന്നവരൊക്കെയും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള സൂത്രപ്പണികളുമായി രംഗത്തെത്തിയിരിക്കുകയാണ്‌.

ഇത്തരത്തില്‍ വാക്‌സിനെടുക്കില്ല എന്ന ശപഥമെടുത്തിരുന്ന ഒരു ഡോക്ടറുടെ തട്ടിപ്പ് കയ്യോടെ പിടികൂടിയിരിക്കുകയാണ് ബിയെല്ലയിലെ ഫിലിപ്പ എന്ന നഴ്‌സ്. വാക്‌സീന്‍ കുത്തിവയ്ക്കാന്‍ എത്തിയ റുസ്സോ എന്ന ദന്തഡോക്ടറുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചതും ഫിലിപ്പ ഒന്ന് ഞെട്ടി. കയ്യിലെ ചര്‍മം തണുത്ത് റബ്ബര്‍ പോലെ എന്ന് മാത്രമല്ല, വിളറിയ നിറവും.

നൂറിലധികം യൂറോ വില വരുന്ന സിലിക്കോണ്‍ കയ്യാണ് റുസ്സോ വാക്‌സീനെടുക്കാന്‍ നീട്ടിയിരുന്നത്. ഇത് കണ്ട് അമ്പരന്ന ഫിലിപ്പയോട്‌ പ്രോസ്‌തെറ്റിക്‌സില്‍ കുത്തിവെച്ച് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനര്‍ഹനാക്കണമെന്നും സംഭവം ആരോടും പറയരുതെന്നും റുസ്സോ അപേക്ഷിച്ചു. എന്നാല്‍ ഫിലിപ്പ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ റുസ്സോയുടെ മേല്‍ ഉടന്‍ ക്രിമിനല്‍ കുറ്റം ചുമത്തിയേക്കും.

വാക്‌സീന്‍ വിരോധിയായത് മൂലം കുത്തിവയ്‌പ്പെടുക്കാതിരുന്ന റുസ്സോയെ നേരത്തേ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇറ്റലിയിലെ റസ്റ്ററന്റിലും തിയേറ്ററിലുമെല്ലാം പ്രവേശനത്തിന് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് റുസ്സോ അല്‍പം കടന്ന കൈ പ്രയോഗിച്ചത്. കഴിഞ്ഞ മാസം വാക്‌സീന്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ള തന്റെ രോഗികള്‍ക്ക് കൃത്രിമ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതിന് രവേണ എന്ന ഡോക്ടര്‍ അറസ്റ്റിലായിരുന്നു.

Exit mobile version