അമ്മ പടിക്കെട്ടില്‍ നിന്നും വീണു; ഉടനടി എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിച്ച് സഹായം ചോദിച്ച് മൂന്നുവയസുകാരന്‍, മകന്‍ ഞെട്ടിച്ചുവെന്ന് കെയ്‌ലി

അമ്മ പടിക്കെട്ടില്‍ നിന്നും വീണത് കണ്ട് ഉടനടി എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച മൂന്നുവയസുകാരന്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. വെസ്റ്റ് മിഡ്ലാന്‍ഡിലെ റൗലി റെജിസിലുള്ള അവരുടെ വീട്ടിലെ പടിയില്‍ നിന്നാണ് കെയ്‌ലി ബോഫെ എന്ന സ്ത്രീ വീണത്. 999 എന്ന നമ്പറിലേക്ക് അവന്‍ വിളിക്കാന്‍ പഠിച്ചത് യൂട്യൂബ് കാര്‍ട്ടൂണുകള്‍ കണ്ടിട്ടാണ് എന്ന് അമ്മ കെയ്‌ലി പറയുന്നു. ‘999 -ല്‍ വിളിക്കുന്നതിനെ കുറിച്ച് ബോധവാനായ ഒരു കൊച്ചുകുട്ടിയെ കിട്ടിയതില്‍ ഞാന്‍ വളരെ ഭാഗ്യവതിയും അനുഗ്രഹീതയുമായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് കോള്‍ ഹാന്‍ഡ്ലര്‍മാര്‍ ആണ്‍കുട്ടിയുമായി സംസാരിക്കുകയും സ്ഥലം ട്രേസ് ചെയ്യുകയുമായിരുന്നു. ഓഫീസര്‍മാരും ആംബുലന്‍സും 10 മിനിറ്റിനുള്ളില്‍ അവന്റെ വീട്ടിലെത്തി. ആ സംഭവത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു അവ്യക്തതയാണ് എന്ന് കെയ്‌ലി അമ്പരപ്പോടെ തന്നെ പറഞ്ഞു. ‘അവനുവേണ്ട വസ്ത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ മുകളിലേക്കു പോയതായിരുന്നു. കിടപ്പുമുറിയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പിന്നെ സംഭവിക്കുന്നത് ഗോവണിപ്പടിയുടെ താഴെനിന്നും ഞാന്‍ പോലീസിനോട് സംസാരിക്കുന്നതാണ്.’

‘വോയ്സ് റെക്കോര്‍ഡിംഗ് കേള്‍ക്കുന്നത് ഇപ്പോഴും ഒരു ഞെട്ടലാണ്.’ ടോമിയുടെ 999 കോള്‍ പുറത്ത് വിടുന്നതിലൂടെ, അടിയന്തിര സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ ഇത് കൂടുതല്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് കെയ്‌ലി പ്രതീക്ഷിക്കുന്നു. 999 എന്ന നമ്പറില്‍ എങ്ങനെ വിളിക്കണമെന്ന് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് കാര്‍ട്ടൂണുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ ജീവന്‍ രക്ഷിച്ച മകന് ഇന്ന് ഒരായിരം അഭിനന്ദനങ്ങളാണ് സോഷ്യല്‍മീഡിയ നേരുന്നത്.

ഫോണ്‍ സംഭാഷണം ഇങ്ങനെ

999: നിങ്ങളുടെ അമ്മ അവിടെയുണ്ടോ?
ടോമി: ഉണ്ട്
999: അമ്മ ഓക്കേയാണോ? അമ്മയ്ക്കെന്തെങ്കിലും പരിക്കുകളുണ്ടോ?
ടോമി: അമ്മ പടിയുടെ മുകളില്‍ നിന്നും വീണു.
999: എന്‍റെ പേര് മോര്‍ഗനെന്നാണ്. നിങ്ങളുടെ പേരെന്താണ്?
ടോമി: ടോമി.
999: നിങ്ങള്‍ക്ക് എത്ര വയസുണ്ട്? രണ്ടുവയസോ അതോ മൂന്നുവയസോ?
ടോമി: മൂന്ന് 999: മൂന്ന്. അപ്പോള്‍ നിങ്ങള്‍ക്ക് അമ്മയുടെ അടുത്തേക്ക് നടന്ന് ചെല്ലാനാവുമോ?
ടോമി: പറ്റും 999: പറ്റും? എനിക്ക് അമ്മയോട് ഒന്ന് സംസാരിക്കാമോ?
999: (അമ്മയോട്) ഇത് പൊലീസാണ്
കെയ്‍ലി: ഞാന്‍ പടികളില്‍ നിന്നും താഴേക്ക് വീണു.
999: നിങ്ങള്‍ പടികളില്‍ നിന്നും വീണോ?
കെയ്‍ലി: അതേ
999: ഓക്കേ, ഞാന്‍ നിങ്ങള്‍ക്ക് സഹായം എത്തിക്കാം. എവിടെയാണ് നിങ്ങള്‍ക്ക് വേദന പറ്റിയിരിക്കുന്നത്?
കെയ്‍ലി: എന്‍റെ പുറത്താണ്.
999: പുറത്ത്…
കെയ്‍ലി: ആരാണ് നിങ്ങൾക്ക് ഫോണ്‍ ചെയ്‍തത്?
999: നിങ്ങളുടെ കുട്ടി
കെയ്‍ലി: എന്‍റെ മോനോ?
999: അതേ. എന്തായാലും സാരമില്ല. അവിടെനിന്നും അനങ്ങേണ്ട. ഞാന്‍ നിങ്ങള്‍ക്ക് ഉടനെത്തന്നെ സഹായമെത്തിക്കാം. ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അനങ്ങാതിരിക്കൂ.

Exit mobile version