മലേഷ്യയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ജനുവരി 1 മുതല്‍ പ്രവേശനാനുമതി

ക്വാലാലംപൂര്‍ : കോവിഡ് ബാധയെത്തുടര്‍ന്ന് മലേഷ്യയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കും.

വ്യാഴാഴ്ചയാണ് ഗവണ്‍മെന്റ് വിലക്ക് നീക്കുന്നതായി അറിയിച്ചത്. മലേഷ്യയുടെ വിനോദസഞ്ചാരമേഖലയെ കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. വാക്‌സിനേഷനെ തുടര്‍ന്ന് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതോടെയാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലേഷ്യയില്‍ ആകെ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. 32മില്യണ്‍ ആണ് മലേഷ്യയിലെ ജനസംഖ്യ.

മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ ആണ് ടൂറിസത്തിലൂടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നില്‍. സാമ്പത്തിക മേഖല പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്ന പ്രത്യേക കൗണ്‍സിലിന്റെ അധ്യക്ഷനും ഇദ്ദേഹമാണ്.

കോവിഡ് രോഗബാധ തടയാനുള്ള നടപടികളും കോവിഡ് ടെസ്റ്റുകളും തുടരുമെന്നറിയിച്ച അദ്ദേഹം വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ തീവ്രതയും മറ്റും കണക്കിലെടുത്താവും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക എന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version