ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു; കത്തിക്കയറുന്നത് ഡെല്‍റ്റ വകഭേദം, അടിയന്തര ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Covid Spread | Bignewslive

ബീജിംഗ്; ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സ്ഥലങ്ങളുടെ എണ്ണം കൂടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ അടിയന്തര ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

ഡെല്‍റ്റ വകഭേദമാണ് നിലവില്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ നിലവില്‍ 11 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച 26 കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീജിങ്, ഹബെയ്, ഹുനാന്‍, ഗാന്‍സു തുങ്ങിയങ്ങളിലാണ് നിലവില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒക്ടോബര്‍ 31 ന് ബീജിങില്‍ നടത്താനിരുന്ന മാര്‍ത്തണ്‍ പിന്‍വലിച്ചു. രോഗവ്യാപമുള്ള പ്രദേശങ്ങളില്‍ നിന്നും ബീജിങിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

നേരത്തെ, രോഗ വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ പല പ്രവിശ്യകളിലും സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈനയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നത്.

വിനോദ സഞ്ചാരികളില്‍ നിന്നാകാം ഇപ്പോഴത്തെ രോഗബാധ എന്നാണ് വിലയിരുത്തല്‍. അതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version