കൊവിഡിനു പിന്നാലെ ‘സാല്‍മൊണല്ല’ രോഗഭീതിയില്‍ യുഎസ്; അണുബാധ പകരുന്നത് ‘ഉള്ളി’യില്‍ നിന്ന്, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 652 പേര്‍ക്ക്

Salmonella Outbreak | Bignewslive

കോവിഡിനു പിന്നാലെ സാല്‍മൊണല്ല രോഗഭീതിയില്‍ യുഎസ്. ഉള്ളിയില്‍നിന്നാണ് ഈ അണുബാധ പകരുന്നത്. മെക്‌സിക്കോയിലെ ചിഹുവാഹുവായില്‍നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി ഇതിനോടകം 652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രോഗവ്യാപന സാഹചര്യമുള്ളതിനാല്‍ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യഥാര്‍ഥ രോഗികളുടെ എണ്ണം ഇനിയും ഉയരാണ് സാധ്യതയെന്ന് സിഡിസി പറഞ്ഞു. ‘രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളില്‍നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതും’ സിഡിസി അറിയിച്ചു.

Small Onion | Bignewslive

ചിഹുവാഹുവായില്‍നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കില്‍ വലിച്ചെറിയണമെന്നും സിഡിസി അഭ്യര്‍ഥിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കി. സാല്‍മണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാല്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ വരും.

ശരീരത്തിലെത്തി ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. സവാള വിതരണം ചെയ്ത പ്രോസോഴ്‌സ് കമ്പനി സ്വമേധയാ അവ തിരിച്ചുവിളിച്ചിട്ടുണ്ടെന്നു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു.

YouTube video player

Exit mobile version