വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

പ്യോങ്യാങ് : വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. ചൊവ്വാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങളാണ് അറിയിച്ചത്‌. ജപ്പാന്‍ കടല്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ സമുദ്ര മേഖലയിലാണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം.

ഉത്തരകൊറിയ അന്തര്‍വാഹിനികള്‍ സൂക്ഷിച്ചിരിക്കുന്ന സിംപോയില്‍ നിന്നാണ് തിരിച്ചറിയപ്പെടാത്ത ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്ന് സിയോളിലെ ജോയിന്റെ ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ദക്ഷിണ കൊറിയന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തേ വിമാനവാഹിനി കപ്പലില്‍ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം നടത്തിയ സൈനിക പരേഡില്‍ ഭീമാകാരമായ അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈലുകളുടെ പ്രദര്‍ശനവും ഉത്തരകൊറിയ നടത്തിയിരുന്നു. ദക്ഷിണ കൊറിയ കഴിഞ്ഞ മാസം നടത്തി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് പുറകേയാണ് ഉത്തരകൊറിയയും മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്.

Exit mobile version