ഐഎസിനെ തുരത്താന്‍ യുഎസ് സഹകരണം ആവശ്യമില്ലെന്ന് താലിബാന്‍

Taliban | Bignewslive

കാബൂള്‍ : അഫ്ഗാനില്‍ വര്‍ധിച്ചുവരുന്ന ഐഎസ് ആക്രമണങ്ങളെ ചെറുക്കാന്‍ യുഎസ് സഹകരണം ആവശ്യമില്ലെന്ന് താലിബാന്‍. ശത്രുക്കളെ ഒറ്റയ്ക്ക് നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് ദോഹയില്‍ യുഎസ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്ക്കിടെ താലിബാന്‍ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരത്തില്‍ ഷിയാ പള്ളിക്ക് നേരെ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ 46 വിശ്വാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ ആക്രമണം ശക്തമാക്കിയ ഐഎസ് ഒട്ടേറെ താലിബാനികളെ വധിച്ചിരുന്നു.

അഫ്ഗാനില്‍ നിന്ന് ഓഗസ്റ്റ് 30ന് പിന്‍വലിഞ്ഞതിന് ശേഷം താലിബാന്‍ നേതാക്കളുമായി യുഎസ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതിനുള്ള തുടക്കമല്ല കൂടിക്കാഴ്ച എന്ന് യുഎസ് നേരത്തേ തന്നെ അറിയിച്ചിരുന്നു.

Exit mobile version