അഫ്ഗാനില്‍ കുടുങ്ങിയ യുവതിയെയും മൂന്ന് മക്കളെയും കരമാര്‍ഗം അതിര്‍ത്തി കടത്തി യുഎസ്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ടെക്‌സസ് സ്വദേശിയായ യുവതിയെയും മൂന്ന് മക്കളെയും കരമാര്‍ഗം ഒഴിപ്പിച്ച് അമേരിക്ക. യുവതിയും മക്കളും അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്തെത്തിയെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.

യുഎസ് സൈന്യം അഫ്ഗാന്‍ വിട്ടതിന് ശേഷം ഇതാദ്യമായാണ് കരമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നടന്നിരിക്കുന്നത്.മൂന്നാമതൊരു രാജ്യത്തെത്തിയ അമേരിക്കന്‍ പൗരന്മാരെ യുഎസ് എംബസി സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. യുഎസ് എന്‍ജിഒക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന യുവതിയാണ് ആദ്യ ഘട്ട ഒഴിപ്പിക്കലിന് ശേഷവും അഫ്ഗാനില്‍ കുടുങ്ങിയത്. ഏറെ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ കരമാര്‍ഗ്ഗം ഒഴിപ്പിക്കലിനുള്ള നീക്കം നടത്തുകയായിരുന്നു.

അതിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും ഖത്തറിലെത്തി അമീര്‍ ഷെയ്ഖ് താമിം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനില്‍ നിന്ന് യുഎസ് പൗരന്മാരെയും അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കാന്‍ ഖത്തര്‍ നല്‍കിയ സഹായങ്ങള്‍ക്ക് അമേരിക്ക നന്ദി അറിയിച്ചു. സുരക്ഷാ വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു.

6000 യുഎസ് പൗരന്മാര്‍ ഉള്‍പ്പടെ 1,24,000 പേരെയാണ് താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം അമേരിക്ക ഒഴിപ്പിച്ചത്.അഫ്ഗാനിലെ ഇരുപത് വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിച്ച് ഓഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യം സ്വദേശത്തേക്ക് മടങ്ങിയിരുന്നു.

Exit mobile version