അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റം ഓഗസ്റ്റ് കടക്കരുതെന്ന് യുഎസിനോട് താലിബാന്‍

Taliban | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാപിന്മാറ്റം ഓഗസ്റ്റ് 31 കടക്കരുതെന്ന് യുഎസിനോട് താലിബാന്‍. ദൗത്യം വൈകിയാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ ഒഴിപ്പിക്കുന്നത് ദുഷ്‌കരവും വേദനാജനകവുമാണെന്നും അതിനാല്‍ തന്നെ കാലതാമസമുണ്ടായേക്കാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് താലിബാന്റെ അന്ത്യശാസനം.

താലിബാന്റെ രാജ്യം കീഴടക്കല്‍ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായിരുന്നതിനാല്‍ മിക്ക രാജ്യങ്ങളുടെയും രക്ഷാദൗത്യം പാതിവഴിയിലാണ്. അഫ്ഗാന്‍ വിടുന്നത് ഓഗസ്റ്റ് 31ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് നേരത്തേ താലിബാന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും ബൈഡന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍.

“ഓഗസ്റ്റ് 31നകം സൈന്യത്തെ മുഴുവനായി പിന്‍വലിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചിരുന്നത്. ആ സമയം കഴിഞ്ഞും അവരിവിടെ തുടരുകയാണെങ്കില്‍ അതിനര്‍ഥം അവര്‍ സൈന്യം വ്യാപിപ്പിക്കുകയാണെന്നാണ്. അതിന്റെ ആവശ്യം നിലവിലില്ല.” താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. “യുഎസോ യുകെയോ കൂടുതല്‍ സമയം ചോദിച്ചാല്‍ അനുവദിക്കുക സാധ്യമല്ല. ഇവിടെത്തന്നെ തുടരാനാണ് തീരുമാനമെങ്കില്‍ അതിന് പ്രത്യഘാതങ്ങളുണ്ടാകും.” യുകെ ചാനലായ സ്‌കൈന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version