“താലിബാന്‍ ശ്രമിക്കുന്നത് എല്ലാവരുടെയും അംഗീകാരം നേടാന്‍, അവരെ വിശ്വസിക്കാന്‍ തയ്യാറല്ല” : ബൈഡന്‍

Joe Biden | Bignewslive

വാഷിംഗ്ടണ്‍ : താലിബാന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിയമ സാധുതയ്ക്കും മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളൊക്കെ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താലിബാനോടുള്ള സമീപനം ബൈഡന്‍ വ്യക്തമാക്കിയത്. “താലിബാന്‍ പറയുന്നതുപോലെ ചെയ്യുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. മറ്റ് രാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കുമോ എന്ന് നിര്‍ണയിക്കാന്‍ അവര്‍ നിയമസാധുത തേടുന്നുണ്ട്. നയതന്ത്ര സാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്നെയാണ് അവര്‍ ഞങ്ങളോടെന്ന പോലെ മറ്റ് രാജ്യങ്ങളോടും പറഞ്ഞിരിക്കുന്നത്. നൂറ് വര്‍ഷമായി ആരും ശ്രമിക്കാത്ത അഫ്ഗാന്‍ ജനതയുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി താലിബാന്‍ ശ്രമിക്കുമോ ? അങ്ങനെ ശ്രമിക്കുമെങ്കില്‍ അവര്‍ക്ക് എല്ലാ സഹായവും ആവശ്യമായി വരും.” ബൈഡന്‍ പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ പൗരന്മാരെ ഒഴിപ്പിച്ച് വരികയാണ്. ഇതുവരെ യുഎസ് സേനയ്‌ക്കെതിരെ താലിബാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

Exit mobile version