ഔദ്യോഗിക അറിയിപ്പ് കിട്ടാതെ കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് യുഎസ്

Kabul | Bignewslive

കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിലേക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജര്‍മനിയും സമാന രീതിയില്‍ പൗരന്മാരെ വിലക്കിയിട്ടുണ്ട്.

കാബൂള്‍ വഴിയുള്ള രക്ഷാദൗത്യം കൂടുതല്‍ ദുഷ്‌കരമാകുന്നതായാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭരണത്തിലെത്തിയിട്ട് ആറ് ദിവസം പിന്നിടുമ്പോഴും രാജ്യം വിടാനുള്ള ആളുകളുടെ നെട്ടോട്ടങ്ങള്‍ക്ക് അവസാനമില്ല. യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയില്‍ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ താലിബാന്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ റണ്‍വേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.

വിമാനത്താവളത്തില്‍ ആയിരങ്ങളുടെ തിക്കും തിരക്കും തുടരുന്നത് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ വേഗത്തിലുള്ള രക്ഷാദൗത്യത്തിന് തിരിച്ചടിയാവുകയാണ്. പതിനാലായിരത്തോളം പേര്‍ വിമാനത്താവളത്തിലും പരിസരത്തും കാത്തുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പതിനേഴായിരത്തോളം പേരെയാണ് ഇതുവരെ പുറത്തെത്തിച്ചത്.

അതേസമയം കാബൂളിലെത്തിയ താലിബാന്‍ ഉന്നത നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി. കാബൂളില്‍ കമാന്‍ഡര്‍മാരുമായും മതനേതാക്കളുമായും ബറാദര്‍ ആശയവിനിമയം നടത്തി. പുതിയ സര്‍ക്കാര്‍ ജനാധിപത്യ സംവിധാനത്തിലാകില്ലെന്നും എന്നാല്‍ എല്ലാവരുടെ യും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുമാണ് താലിബാന്‍ ആവര്‍ത്തിക്കുന്നത്.

Exit mobile version