20 വര്‍ഷമായി ഗുഹയില്‍ താമസം, ഇടയ്ക്ക് കൊവിഡ് മഹാമാരിയെ കുറിച്ചറിഞ്ഞു; വാക്‌സിന്‍ എടുത്ത് 70കാരന്‍, ലോകത്തിന് തന്നെ മാതൃക

Serbian cave | Bignewslive

20 വര്‍ഷമായി ഗുഹയില്‍ താമസിച്ചുവന്ന 70 കാരന്‍ വാക്‌സിനെടുത്ത് ലോകത്തിന് തന്നെ മാതൃകയായി. ദക്ഷിണ സെര്‍ബിയയിലെ സ്റ്റാറ പ്ലനിന പര്‍വതത്തിലെ ഒരു ഗുഹയില്‍ ഏകാന്ത വാസത്തിലായിരുന്ന പാന്റ പെട്രോവിച് എന്ന വയോധികനാണ് പുറംലോകത്തേയ്ക്ക് എത്തി വാക്‌സിന്‍ സ്വീകരിച്ചത്.

സ്വന്തം നാടായ പിറോറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോയ വേളയിലാണ് പെട്രോവിച് മഹാമാരിയെ കുറിച്ച് ആദ്യമായി അറിഞ്ഞത്. ശേഷം, ഉടന്‍ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തന്റെ ഗുഹയിലേക്ക് വരെ വൈറസിന്റെ സാന്നിധ്യം എത്തിച്ചേര്‍ന്നേയ്ക്കുമെന്ന സാധ്യത കണക്കിലെടുത്താണ് പെട്രോവിച് വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിനെടുത്ത് മാതൃകയായതിനു പുറമെ, എല്ലാവരോടും ബൂസ്റ്റര്‍ ഡോസ് അടക്കം മൂന്ന് ഡോസ് വാക്‌സിന്‍ എടുക്കാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. മൂന്ന് ചെറിയ പാലങ്ങളുടെ നിര്‍മാണ ഫണ്ടിലേക്ക് കൈവശമുണ്ടായിരുന്ന പണമെല്ലാം സംഭാവന ചെയ്താണ് അയാള്‍ നഗരത്തില്‍ നിന്ന് മടങ്ങിയത്. ‘പണം ശപിക്കപ്പെട്ടതാണ്, അത് ആളുകളെ നശിപ്പിക്കുന്നു. പണം പോലെ ഒരു മനുഷ്യനെയും നശിപ്പിക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നാണ് പെട്രോവിചിന്റെ വാദം.

ഗുഹയിലേക്ക് മാറുന്നതിന് മുമ്പ് പെട്രോവിച് ഒരു തൊഴിലാളിയായിരുന്നു. തെരുവില്‍ നിന്നാണ് അദ്ദേഹം ഭക്ഷണം തേടുന്നത്. പ്രദേശത്തെ തോട്ടില്‍ മീന്‍പിടിക്കലാണ് പ്രധാന വിനോദം. കൂണാണ് കൂടുതലായി കഴിക്കുക. ഗുഹക്കുള്ളില്‍ അയാള്‍ക്ക് ഒരു പഴയ തുരുമ്പിച്ച ബാത്ത് ടബുണ്ട്. അത് തന്നെയാണ് ടോയ്ലറ്റായും ഉപയോഗിക്കുന്നത്. ഇരിക്കാന്‍ ബെഞ്ചും കിടന്നുറങ്ങാന്‍ പുല്ലിന്റെ കിടക്കയും ഉണ്ട്.

Exit mobile version