മഞ്ഞുരുക്കം തടയാനായി ഇറ്റലി; മഞ്ഞുപാളിയെ പുതപ്പ് കൊണ്ട് പുതപ്പിച്ചു, വിഡിയോ!

glacier | bignewslive

ഇറ്റലി: കാലാവസ്ഥാ വ്യതിയാനം മൂലം അന്റാര്‍ട്ടിക്ക അടക്കം മഞ്ഞുമൂടിയ പ്രദേശങ്ങളിലെ മഞ്ഞ് ഉരുകി കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും വന്‍തോതില്‍ മഞ്ഞുരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പല കാലാവസ്ഥ വിദഗ്ധരും ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. മഞ്ഞുരുകുന്നതിനെ പ്രതിരോധിക്കാന്‍ ഇറ്റലിയിലെ ഒരുകൂട്ടം കാലാവസ്ഥ വിദഗ്ധര്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രെസെന മഞ്ഞുമലയിലെ മഞ്ഞുരുക്കം തടയാന്‍ തുണികൊണ്ട് ഈ പ്രദേശമാകെ പുതപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സൂര്യരശ്മികള്‍ പ്രതിഫലിക്കുന്ന വിധത്തിലുള്ള തുണിയാണ് മഞ്ഞുപാളിയെ പൊതിയാനായി ഇവര്‍ ഉപയോഗിക്കുന്നത്.

അഞ്ചു മീറ്റര്‍ വീതിയും 70 മീറ്റര്‍ നീളവുമുള്ള നീളന്‍ തുണികള്‍ പ്രത്യേകമായി നിര്‍മിച്ചെടുത്താണ് ഈ ഉദ്യമത്തിന് ഉപയോഗിക്കുന്നത്. മഞ്ഞുമലയുടെ 1,20,000ചതുരശ്ര മീറ്റര്‍ വിസ്തൃതമായ പ്രദേശം ഇത്തരത്തില്‍ മൂടിയിടും.

ചൂട് അധികമായി ഉള്ളിലേക്ക് കടക്കുന്നത് തടയാന്‍ കാറുകളില്‍ സില്‍വര്‍ ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനു സമാനമായ ഫലമാണ് മഞ്ഞുപാളിയെ തുണികൊണ്ട് മൂടുന്നതിലൂടെ ലഭിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വേനല്‍ക്കാലത്ത് മഞ്ഞുമലയിലെ 70% മഞ്ഞും ഇത്തരത്തില്‍ സംരക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷ.

പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു മാസക്കാലം വേണ്ടിവരും. 2008 മുതല്‍ ഇതേ രീതിയില്‍ മഞ്ഞുപാളി സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ് കാലാവസ്ഥാ വിദഗ്ധര്‍.

Exit mobile version