ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെ വെടിവെച്ചു കൊന്നു

Haiti | Bignewslive

പോര്‍ട്ട് ഔ പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മൊയ്‌സെയുടെ കൊലപാതകികളായ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ബന്ധികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെയാണ് ജൊവെനലിനെയും ഭാര്യയെയും പ്രതികള്‍ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതികളെ പിന്തുടര്‍ന്ന് പോലീസ് വെടി വെച്ചു വീഴ്ത്തുകയായിരുന്നു. സ്പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്തി പോലീസിന്റെ വിലയിരുത്തല്‍. അക്രമത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1.1 കോടി ജനസംഖ്യയുള്ള ഹെയ്തിയില്‍ 53കാരനായ മോസെയുടെ ഭരണത്തില്‍ കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോയിരുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതിനാല്‍ കോടതിവിധി നേടി രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നു വരികയായിരുന്നു മോസെ. പാര്‍ലമെന്റ് പിരിച്ചു വിട്ട് ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പ്രക്ഷോഭങ്ങളും നടന്ന് വരുന്നുണ്ട്.2010ലെ ഭൂകമ്പവും 2016ലെ ‘മാത്യു’ കൊടുങ്കാറ്റും വിതച്ച നാശങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഗുണ്ടാ അക്രമങ്ങളും പതിവാണ്.

മോസെക്കെതിരെ ആക്രമണമുണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. ഈ വര്‍ഷമാദ്യവും ഇദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായിരുന്നു.

Exit mobile version