ഉഷ്ണതരംഗത്തില്‍പ്പെട്ട് പൊലിഞ്ഞത് 134 പേരുടെ ജീവന്‍; ചരിത്രത്തിലെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കാനഡ

heatwave grips | Bignewslive

ഒട്ടാവ: കാനഡയില്‍ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഇതുവരെ 134 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോവുകയാണ് കാനഡ. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ മരണപ്പെട്ടവരുടെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

പ്രവിശ്യയിലെ ലിട്ടന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെല്‍ഷ്യസ്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും ചൂട് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിലും അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുകയാണ്. കനത്ത ചൂടില്‍ 65-ഓളം പേര്‍ക്ക് അപ്രതീക്ഷിത മരണം സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രാദേശിക അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. പ്രദേശത്തെ സ്‌കൂളുകളും വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളും അടച്ചു. അപകടസാധ്യതയുള്ളവര്‍ക്ക് പ്രത്യേകകരുതല്‍ നല്‍കാനും ചൂടിനെ പ്രതിരോധിക്കാന്‍ പോംവഴിതേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോണ്‍ ഹോര്‍ഗന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Exit mobile version