4000 കോടി നഷ്ടപരിഹാരം വേണം; എവര്‍ ഗിവന്‍ കപ്പലിന്റെ ഉടമയോട് ഈജിപ്ത്

ടോക്കിയോ: സൂയസ് കനാലില്‍ കുടുങ്ങിയ കപ്പലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈജിപ്ത്. എവര്‍ ഗിവണ്‍ എന്ന കപ്പലിന്റെ ഉടമയോട് 55 കോടി ഡോളര്‍ (നാലായിരം കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ജാപ്പനീസ് കപ്പലിന്റെ ഉടമയ്ക്ക് നോട്ടീസ് നല്‍കി.

എവര്‍ ഗിവണ്‍ കനാലില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഒരാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു. കപ്പലിനെ ഉയര്‍ത്തിയെടുക്കുന്നതിന് അറുന്നൂറു ജോലിക്കാരാണ് ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരു കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക.

92 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സൂയസ് കനാല്‍ അതോറിറ്റി ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ നിലവില്‍ 55 കോടിക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് എന്‍എച്ച്‌കെ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനിലെ എഹീം മേഖലയില്‍ നിന്നുള്ള ഷോയി കിസണ്‍ കൈഷയാണ് കപ്പലിന്റെ ഉടമ. 15 കോടി ഡോളര്‍ നല്‍കാന്‍ ഉടമ സന്നദ്ധ പ്രകടപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ എവര്‍ ഗിവണ്‍ കപ്പല്‍ വിട്ട് നല്‍കിയിട്ടില്ല. ഈജിപ്ഷ്യന്‍ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാരം നല്‍കിയാലേ എവര്‍ ഗിവണ്‍ കപ്പല്‍ കൊണ്ടുപോവാനാവൂ.

Exit mobile version