കടല്‍ തീരത്ത് രണ്ട് പൊതികള്‍ അടിഞ്ഞു, തുറന്ന് നോക്കിയവര്‍ ഞെട്ടിപ്പോയി, പൊതിയിലുണ്ടായിരുന്നത് ഏഴുനൂറുകോടിയുടെ കൊക്കെയ്ന്‍

cockain | bignewslive

ലണ്ടന്‍: കടല്‍ തീരത്ത് നിന്നും കണ്ടെടുത്തത് ഏഴുനൂറുകോടിയില്‍ അധികം വിലവരുന്ന കൊക്കെയ്ന്‍. യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് നിന്നാണ് 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയത്. വിപണിയില്‍ ഇതിന് ഏഴുനൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം.

രണ്ട് പാക്കറ്റുകള്‍ തീരത്തടിഞ്ഞു കിടക്കുന്നത് കണ്ടവരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സസ്‌ക്‌സ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തിയത്. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ ‘ഭദ്രമായി’ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല് ക്രൈം ഏജന്‍സി(എന്‍.സി.എ.) അറിയിച്ചു.

വെള്ളം കടക്കാത്ത വിധത്തില്‍ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാക്കറ്റുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എന്‍.സി.എ. ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 80 മില്യന്‍ യൂറോ(ഏകദേശം 711 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് ഈ പാക്കറ്റുകളില്‍ ഉണ്ടായിരുന്നത്. മയക്കുമരുന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മയക്കുമരുന്ന് തെക്കേ അമേരിക്കയില്‍ നിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എന്‍.സി.എ. ബ്രാഞ്ച് കമാന്‍ഡര്‍ മാര്‍ട്ടിന്‍ ഗ്രേസ് ബി.ബി.സിയോടു പ്രതികരിച്ചു.

Exit mobile version