50-ാം വയസില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് ഷാദെ അജായി വിദ്യാലയത്തിലേയ്ക്ക്; ആദ്യം നാണക്കേടായിരുന്നുവെന്ന് മകള്‍ ഷോലെ, പിന്നെ അഭിമാനം

Nigerian Woman | Bignewslive

50-ാം വയസില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് വിദ്യാലയത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് നൈജീരിയന്‍ വനിതയായ ഷാദെ അജായി. ചെറുപ്രായത്തിലെ ഉണ്ടായിരുന്ന പ്രാരംബ്ദങ്ങളെ തുടര്‍ന്ന് ഷാദെയ്ക്ക് സ്‌കൂളിന്റെ പടി ചവിട്ടാന്‍ സാധിച്ചില്ല. ഈ ആഗ്രഹമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. മറ്റുകുട്ടികളെ പോലെ പിങ്കും വെള്ളയും നിറമുള്ള യൂണിഫോമണിഞ്ഞ് കൈയില്‍ പെന്‍സിലും നോട്ട് ബുക്കുമായി അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും പഠിക്കുകയാണ് ഈ വനിത.

‘യൂണിഫോം ധരിക്കാന്‍ എനിക്കൊരു നാണക്കേടുമില്ല.’ അജായി പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ തന്നെ വീട്ടിലെ പ്രാരാബ്ദങ്ങള്‍ അജായിയെ സ്വന്തം ബന്ധുവിന്റെ കടയിലെ ജോലിക്കാരിയാക്കി. വളര്‍ന്നപ്പോള്‍ പഴ്സുകളും ബാഗുകളും വില്‍ക്കുന്ന സ്വന്തം ബിസിനസ്സ് തുടങ്ങി. എങ്കിലും എഴുതാനോ വായിക്കാനോ പഠിക്കാന്‍ കഴിയാത്തതില്‍ അജായിക്ക് വലിയ വിഷമമുണ്ടായിരുന്നു. കഴിഞ്ഞ സ്‌കൂള്‍ വര്‍ഷം പഠിക്കാനായി പോകണമെന്ന് ആഗ്രഹിച്ചപ്പോഴാണ് കൊറോണ വൈറസ് വഴിമുടക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ അജായി പഠിക്കാനായി എത്തുകയായിരുന്നു.

പതിനൊന്നും പതിമൂന്നും വയസ്സുള്ളവരാണ് അജായിയുടെ സഹപാഠികള്‍. അതേസമയം, ചെറിയ കുട്ടികള്‍ക്കൊപ്പം അമ്മ സ്‌കൂളില്‍ പോകുന്നത് ആദ്യം നാണക്കേടായി മകള്‍ ഷോലെയ്ക്ക് തോന്നിയിരുന്നു. എന്നാല്‍ ഇതുവരെ പഠിക്കാന്‍ കഴിയാത്ത അമ്മയുടെ സങ്കടം മനസ്സിലാക്കിയപ്പോള്‍ സമ്മതം മൂളുകയും അഭിമാനമായി മാറുകയും ചെയ്‌തെന്ന് മകള്‍ പറയുന്നു. നാല് മണിക്ക് സ്‌കൂള്‍ വിട്ട ശേഷം അജായി തന്റെ ബാഗ്, പേഴസ് നിര്‍മാണം തുടങ്ങും. ക്ലാസ് സമയത്ത് അജായിയുടെ ബിസിനസ്സ് നോക്കാന്‍ സഹായികളുണ്ട്.

Exit mobile version