ഗാന്ധിജി വംശീയവാദിയാണെന്ന പരാതി; ഘാന സര്‍വകലാശാലയില്‍ നിന്ന് ഗാന്ധിജിയുടെ പ്രതിമ നീക്കം ചെയ്തു

ഗാന്ധിജി എഴുതിയ ചില കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വംശീയ വാദിയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്

അകാറ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി വംശീയ വാദിയാണെന്ന പരാതിയെ തുടര്‍ന്ന് ഘാന സര്‍വകലാശാലയില്‍ നിന്ന് ഗാന്ധിജിയുടെ പ്രതിമ നീക്കം ചെയ്തു. 2016ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണവ് മുഖര്‍ജിയാണ് അകാറയിലെ ഘാന സര്‍വകലാശാലയില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്.

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ പ്രതീകം കൂടിയായിരുന്നു പ്രതിമ അനാച്ഛാദനം. എന്നാല്‍ പ്രതിമ സ്ഥാപിച്ച സമയത്തു തന്നെ അത് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ആവശ്യമുന്നയിച്ചത്. ഗാന്ധിജി എഴുതിയ ചില കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വംശീയ വാദിയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യക്കാര്‍ കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരെക്കാള്‍ വലിയവരാണെന്ന് ഗാന്ധിജിയുടെ കുറിപ്പുകളിലുണ്ടെന്നാണ് ആരോപണം. ആഫ്രിക്കക്കാരെ സൂചിപ്പിക്കുന്നതിനായി കാപ്പിരികളെന്ന ഏറ്റവും മോശമായ വംശീയ പദമാണ് ഗാന്ധിജി ഉപയോഗിച്ചതെന്നും ആക്ഷേപമുണ്ട്. ഗാന്ധിയുടെ പ്രതിമ സര്‍വകലാശാലയില്‍ ഉണ്ടെങ്കില്‍ അതിനര്‍ഥം എല്ലാതരത്തിലും അദ്ദേഹത്തെ അംഗീകരിക്കുന്നുവെന്നാണ്, ഗാന്ധി വംശീയവിരോധിയാണെങ്കില്‍ പ്രതിമ സര്‍വകലാശാലയില്‍ തുടരുന്നത് ശരിയല്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയാണ് ഗാന്ധിജിയുടെ പ്രതിമ സര്‍വകലാശാലയില്‍ നിന്ന് മാറ്റിയത്.

Exit mobile version