മുറിയിലും, കുളിമുറിയിലും വരെ ക്യാമറകള്‍; ജയില്‍ ജീവിതം പറഞ്ഞ് മറിയം നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: ജയിലിലുള്ള യാതനകളും ദുരിതങ്ങളും തുറന്ന് പറഞ്ഞ് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെരീഫ്. ഒരു അഭിമുഖത്തിലാണ് മറിയത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ ജയില്‍ മുറിയിലും കുളിമുറിയിലും വരെ അധികൃതര്‍ ക്യാമറ വെച്ചുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയത്തിന്റെ ആരോപണം.

ചൗദരി ഷുഗര്‍ മില്‍ കേസിലാണ് കഴിഞ്ഞ വര്‍ഷം മറിയം അറസ്റ്റിലായത്. ആ സമയത്ത് അനുഭവിച്ച സംഘര്‍ഷങ്ങളാണ് മറിയം തുറന്ന് പറഞ്ഞിരിക്കുന്നത്. രണ്ട് തവണ താന്‍ ജയിലില്‍ കിടക്കേണ്ടി വന്നു. സ്ത്രീയായ താന്‍ നേരിട്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ജാള്യത മൂലം അവര്‍ക്ക് മുഖം വെളിയില്‍ കാണിക്കാന്‍ ധൈര്യമുണ്ടാകില്ല. -പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റായ മറിയം പറഞ്ഞു.

മുറിയിലേക്ക് അതിക്രമിച്ച് കയറി പിതാവ് നവാസ് ഷെരീഫിന്റെ മുന്നില്‍വെച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കില്‍ പാകിസ്താനില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മറിയം കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലല്ല, എവിടെയാണെങ്കിലും ഒരു സ്ത്രീയും ദുര്‍ബലയല്ലെന്നും അവര്‍ തുറന്നടിച്ചു.

ചൗധരി ഷുഗര്‍ മില്ലിന്റെ 7 മില്യണ്‍ രൂപ മൂല്യമുള്ള ഷെയറുകള്‍ 2008 ല്‍ മറിയം നവാസ് അനധികൃതമായി തന്റെ പേരിലാക്കുകയും അത് പിന്നീട് യുസഫ് അബ്ബാസ് ഷെരീഫിന്റെ പേരിലേക്ക് മാറ്റിയെന്നുമാണ് കേസ്.

Exit mobile version