‘വഴിയില്‍ ഉപേക്ഷിച്ച മാസ്‌ക് കൊത്തിയെടുത്ത് പക്ഷി’ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രം, ഇത് ഉത്തരവാദിത്വമില്ലായ്മയുടെ നേര്‍ചിത്രമെന്ന് സൈബര്‍ ലോകം

ലോകമെങ്ങും ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലാണ്. മാസ്‌ക് ധരിക്കും സാനിറ്റൈസര്‍ ഉപയോഗിച്ചും ലോകം ഒരുമിച്ച് നിന്ന് പോരാടുകയാണ്. ഈ സാഹചര്യത്തില്‍ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ രോഷത്തോടെ നിറയുന്നത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് കൊത്തിയെടുത്ത് നടക്കുന്ന പക്ഷിയുടെ ചിത്രമാണ് വൈറലാകുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥനായ സുശന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ വെള്ളത്തില്‍ നിന്നും കേറിവരുന്ന ഒരു പക്ഷി തന്റെ കൊക്കിനിടയില്‍ മാസ്‌ക് പിടിച്ചിരിക്കുന്നതായി കാണുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് അനിവാര്യം തന്നെയാണ്. എന്നാല്‍ ഉപയോഗം കഴിഞ്ഞ് മാസ്‌കുകള്‍ ശരിയായി വിനിയോഗിക്കാന്‍ ഇനിയും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

മാസ്‌കുകള്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത രീതിയില്‍ നീക്കം ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് നമ്മള്‍. എന്നാല്‍ അക്കാര്യം നമ്മള്‍ മറന്നുപോകുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യം. സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും ഉയരുന്നത്.

Exit mobile version