കൊവിഡ് മുക്തി നേടിയിട്ടും വിട്ടുമാറാതെ കടുത്ത ചുമ; ഡൊണള്‍ഡിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മെലാനിയ റദ്ദാക്കി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മെലാനിയ ട്രംപ് റദ്ദാക്കി. കൊവിഡ് മുക്തമായിട്ടും വിട്ടുമാറാതെ കടുത്ത ചുമയായതിനാലാണ് റാലി റദ്ദാക്കിയത്. ഇരുവരും അപൂര്‍വമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റാലികളിലൊന്നാണ് റദ്ദാക്കിയത്. ദിനംപ്രതി മെലാനിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും എന്നാല്‍ കടുത്ത ചുമ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് മെലാനിയ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ വക്താവ് അറിയിക്കുന്നു.

ഒരു വര്‍ഷത്തെ കാലയളവിനിടെ ട്രംപിനൊപ്പമുള്ള മെലാനിയയുടെ ആദ്യ പൊതുപരിപാടിയാണ് പെന്‍സില്‍വാനിയയിലെ എറിയില്‍ നടക്കേണ്ടിയിരുന്നത്. 2019 മുതല്‍ മെലാനിയ ട്രംപിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഒക്ടോബര്‍ ആദ്യമാണ് ട്രംപിനും മെലാനിയയ്ക്കും മകന്‍ ബാരോണിനും കൊവിഡ് സ്ഥിരീകരിച്ചത്.

തന്റെ കൊവിഡ് അനുഭവത്തെ കുറിച്ച് മെലാനിയ കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നു. ജലദോഷം, തലവേദന,ശരീരവേദന, കടുത്ത ക്ഷീണം എന്നിവയാണ് കൊവിഡ് ബാധിതയായപ്പോള്‍ അനുഭവപ്പെട്ടതെന്നും മരുന്നുകള്‍ക്കപ്പുറം വിറ്റാമിനുകളും പോഷകാഹാരവും കഴിച്ച് പ്രകൃത്യാ തന്നെ ആരോഗ്യം വീണ്ടെടുക്കാനാണ് ശ്രമിച്ചതെന്നും മെലാനിയ പറഞ്ഞിരുന്നു.

Exit mobile version