കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വയം സന്നദ്ധയായ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു; അഡെലിന്‍ ഫാഗന്റെ വിയോഗത്തില്‍ തകര്‍ന്ന് പിതാവ്

ഹൂസ്റ്റണ്‍: കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വയം സന്നദ്ധയായ യുവ ഡോക്ടര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. 28കാരിയായ അഡെലിന്‍ ഫാഗനാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഡോക്ടര്‍ മരണപ്പെട്ടത്.

ഗൈനക്കോളജിയില്‍ രണ്ടാം വര്‍ഷ റെസിഡന്‍സി ചെയ്യുകയായിരുന്ന ഡോക്ടറുടെ പ്രധാന കര്‍ത്തവ്യം കുട്ടികളെ ശുശ്രൂഷിക്കുന്നതായിരുന്നു. എന്നാല്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍ ഫാഗന്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തിറങ്ങുകയായിരുന്നു.

ജൂലൈ എട്ടിനാണ് അഡെലിന് ജോലിക്കിടെ ശരീരത്തിന് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാവുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചു. ഇതോടെ ഡോക്ടറെ വെന്റിലേറ്ററിലേക്ക് മാറ്റി. ആറ് ആഴ്ചകള്‍ വെന്റിലേറ്ററില്‍ തുടര്‍ന്നു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം പരിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ചെറുപ്പകാലം മുതല്‍ ഡോക്ടറാകാനാണ് മകള്‍ അതിയായി ആഗ്രഹിച്ചതെന്ന് ഫാഗന്റെ പിതാവ് നിറകണ്ണുകളോടെ പറഞ്ഞു. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഡോക്ടര്‍ ഫാഗന്‍ ഹൂസ്റ്റണിലേക്ക് താമസം മാറുന്നത്.

Exit mobile version