അര്‍ബുദത്തോട് പോരാടി രണ്ട് വയസ്സുകാരി; അത്യപൂര്‍വ്വ രക്തഗ്രൂപ്പ് തേടി ലോകത്തോട് യാചിച്ച് ഒരമ്മ!

കീമോതെറാപ്പിക്കൊപ്പം രക്തം മാറ്റിവെച്ചാല്‍ മാത്രമേ സൈനബിനെ രോഗത്തില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെടുത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഫ്ളോറിഡ: അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള രണ്ടു വയസ്സുകാരിയായ മകള്‍ക്ക് വേണ്ടി ഒരമ്മ ലോകത്തോട് യാചിക്കുകയാണ്.

നാഡീ അറകളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്ന അര്‍ബുദമാണ് ഫ്ളോറിഡയില്‍ നിന്നുള്ള സൈനബ് മുഗള്‍ എന്ന രണ്ടുവയസ്സുകാരിയെ ബാധിച്ചിരിക്കുന്നത്. കീമോതെറാപ്പിക്കൊപ്പം രക്തം മാറ്റിവെച്ചാല്‍ മാത്രമേ സൈനബിനെ രോഗത്തില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെടുത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. സൈനബിന്റെ രക്തം അത്യപൂര്‍വ്വമെന്ന്
വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ബി ബ്ലഡ് ഗ്രൂപ്പ് ആയതിനാല്‍ ദാതാക്കളെ ലഭിക്കാത്തത് ചികിത്സയ്ക്ക് തടസ്സമാകുന്നു.

അപൂര്‍വ്വ രക്തഗ്രൂപ്പാണ് സൈനബിന്റേതെന്ന് കണ്ടെത്തിയതോടെ രക്തത്തിന് വേണ്ടി സൈനബിന്റെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും രക്തം പരിശോധിച്ചെങ്കിലും യോജിച്ച രക്തഗ്രൂപ്പ് കണ്ടെത്താനായില്ല. ആയിരത്തിലധികം ആളുകളില്‍ ഇതിനോടകം പരിശോധന നടത്തിക്കഴിഞ്ഞു.

രക്തം കണ്ടെത്താന്‍ അന്താരാഷ്ട്ര എന്‍ജിഒ ആയ വണ്‍ ബ്ലഡിന്റെ സഹായത്തോടെ അന്വേഷണം നടത്തി മൂന്ന് പേരെ കണ്ടെത്തിയെങ്കിലും ചികിത്സ തുടരാന്‍ ഇനിയും കൂടുതല്‍ ദാതാക്കളെ വേണം. എന്നാല്‍ എന്തുചെയ്യണമെന്ന് സൈനബിന്റെ മാതാപിതാക്കള്‍ക്കറിയില്ല.

യുഎസ്സിലെ സെന്റ്. ജൂഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സൈനബ് ഇപ്പോള്‍ ഉള്ളത്. ഒക്ടോബറിലാണ് സൈനബിന്റെ വയറില്‍ ഒരു ട്യൂമര്‍ വളര്‍ച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പത്ത് മാസത്തോളം വളര്‍ച്ചയെത്തിയതിനു ശേഷം മാത്രമാണ് രോഗം കണ്ടെത്താനായതെന്നും ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി, ഇനിയും ചികിത്സ വൈകിയാല്‍ കുഞ്ഞിന്റെ ജീവന് ഉറപ്പ് നല്‍കാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ലോകത്താകമാനം നാല് ശതമാനത്തില്‍ കുറവ് ആളുകള്‍ക്ക് മാത്രമേ ഇന്ത്യന്‍ ബി ഗ്രൂപ്പ് ഉള്ളൂവെന്നാണ് കണക്ക്. രക്തത്തില്‍ പൊതുവായി കാണപ്പെടുന്ന ആന്റിജനുകള്‍ ഇത്തരം ബ്ലഡ് ഗ്രൂപ്പില്‍ ഉണ്ടാവില്ല. എ അല്ലെങ്കില്‍ ഒ രക്തഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ ഇന്ത്യന്‍ ബി രക്ത ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കൂ.

ചേരുന്ന രക്തഘടനയ്ക്കൊപ്പം ഇന്ത്യ, പാകിസ്താന്‍, ഇറാനിയന്‍ മേഖലകളുടെ വംശീയതയും രക്തദാതാക്കള്‍ക്ക് വേണമെന്ന് നിര്‍ബന്ധമുണ്ട്. അല്ലാത്തപക്ഷം രക്തം ചേരാതെ വരുമെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. അഡ്രിനല്‍ ഗ്രന്ഥികളിലാണ് ന്യൂറോബ്ലാസ്റ്റോമ സാധാരണയായി കണപ്പെടുന്നത്. രോഗം മൂര്‍ച്ഛിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തേയും മെറ്റബോളിസത്തേയും ഇത് മാരകമായി ബാധിക്കും.

Exit mobile version