ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് ബോട്ട് റാലി; പരേഡിനിടെ അപകടം, നിരവധി ബോട്ടുകള്‍ മുങ്ങി

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ബോട്ട് റാലിക്കിടെ അപകടം. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിച്ച് ബോട്ട് റാലി നടത്തിയത്. പരേഡിനിടെ നിരവധി ബോട്ടുകള്‍ തടാകത്തില്‍ മുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശിക സമയം ശനിയാഴ്ച 12.15 ഓടെയായിരുന്നു അപകടം സംഭവിച്ചത്. വെള്ളത്തില്‍ വീണ നിരവധി പേരെ രക്ഷപ്പെടുത്തിയതായി ട്രാവിസ് ലേക്ക് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് വക്താവ് ക്രിസ്റ്റീന സ്റ്റെഡ്മാന്‍ വ്യക്തമാക്കി. എത്ര ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തുവെന്ന് കൃത്യമായി കണക്കാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

ട്രംപ് അനുകൂല പ്രകടനവുമായി നിരവധി ബോട്ടുകള്‍ തടാകത്തിലേക്ക് ഇറങ്ങിയിരുന്നു. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. ബോട്ട് ശക്തമായി ഇളകി മുങ്ങാന്‍ തുടങ്ങിയതോടെ ബോട്ടിലുണ്ടായിരുന്നവര്‍ തടാകത്തിലേക്ക് ചാടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തുകയും ചെയ്തു.

Exit mobile version