പോര്‍ട്ടബിള്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചു; ഉറക്കത്തിനിടെ 15കാരന് പൊള്ളലേറ്റു, കിടക്കയും തലയിണയുമെല്ലാം കത്തിയ നിലയില്‍

കാലിഫോര്‍ണിയ: പോര്‍ട്ടബിള്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് 15 കാരന് പരിക്ക്. കാലിഫോര്‍ണിയയിലാണ് സംഭവം. പോര്‍ട്ടബിള്‍ ചാര്‍ജര്‍ വച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്യാനിട്ട് ഉറങ്ങാന്‍ കിടന്നതായിരുന്നു കാള്‍ട്ടന്‍ പിംഗ്രീ എന്ന പതിനഞ്ചുകാരന്‍. ചാര്‍ജര്‍ കിടക്കയില്‍ തന്നെ വെച്ചാണ് ഉറങ്ങാന്‍ കിടന്നത്.

പുലര്‍ച്ചെയോടെ മുതുകില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ കാള്‍ട്ടന്‍ ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് നോക്കിയപ്പോഴാണ് ചാര്‍ജര്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടക്കയിലും തലയിണയിലുമെല്ലാം തീ പടര്‍ന്നിരുന്നു. ഉടന്‍ തന്നെ കാള്‍ട്ടന്‍ സ്വയം തീയണയ്ക്കാന്‍ ശ്രമിക്കുകയും, ചാര്‍ജറെടുത്ത് ടോയ്ലെറ്റില്‍ കൊണ്ടുപോയി ഇടുകയും ചെയ്തു.

ഇതിനാലാണ് വലിയ അപകടം ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. മുതുകിലേറ്റ പൊള്ളിയ പാടിന്റെ ചിത്രങ്ങള്‍ സഹിതം സംഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് കാള്‍ട്ടന്റെ അമ്മ ഷാറി പിംഗ്രീ ആണ്. പോസ്റ്റ് വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു.

Exit mobile version