നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കൂ; ജനങ്ങളോടെ ട്രംപിന്റെ ആഹ്വാനം, പുതിയ വിവാദം

വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപിന്റെ വിവാദ പരാമര്‍ശം.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ മെയിലിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയിലിലൂടെയുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരേ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഉത്തര കരോളിന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റകൃത്യമായിരിക്കെയാണ് ജനങ്ങളോട് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തര കരോളിനയില്‍ മെയിലിലൂടെയുള്ള വോട്ടെടുപ്പ് നടക്കുന്നത്.

സംഭവം വിവാദമായതോടെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി വൈറ്റ് ഹൗസ് അധികൃതര്‍ രംഗത്തെത്തി. മെയിലിലൂടെയുള്ള വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിര്‍ദേശിച്ചതെന്നും രണ്ട് തവണ വോട്ടു ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നു. നിമയവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കേലൈ മക് ഇനാനി ഫോക്സ് വാര്‍ത്താചാനലിനെ വ്യാഴാഴ്ച അറിയിച്ചു.

Exit mobile version