ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ നോവല്‍ കൊറോണ വൈറസിന്റെ സാന്നിധ്യം

വുഹാന്‍; ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ നോവല്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലെ പരിശോധനയ്ക്ക് ഇടയിലാണ് ഇക്വഡോറില്‍ നിന്നെത്തിച്ച ശീതീകരിച്ച ചെമ്മീന്‍ പൊതിയില്‍ നോവല്‍ കൊറോണ വൈറസ് കണ്ടെത്തിയെന്നാണ് ചൈനയുടെ അവകാശവാദം.

ബുധനാഴ്ചയാണ് ചൈന ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്‍ഹുയി പ്രവിശ്യയിലുളള വുഹു നഗരത്തിലെ ഭക്ഷണശാലയിലേക്ക് എത്തിച്ചതായിരുന്നു ഈ ചെമ്മീന്‍. ചൈനയിലെ ഷാഗ്‌ടോങ് പ്രവിശ്യയിലെ തുറമുഖ നഗരത്തില്‍ ശീതീകരിച്ച ഭക്ഷണ വസ്തുക്കളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

എന്നാല്‍ കടല്‍ വിഭവങ്ങളുടെ ഈ പാക്കേജ് എവിടെ നിന്നുള്ളതാണെന്ന് ചൈന വ്യക്തമാക്കിയിരുന്നില്ല. ജൂലൈ മാസത്തില്‍ സിയാമെന്‍, ഡാലിയന്‍ അടക്കമുള്ള ചൈനയിലെ വിവിധ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്വഡോറില്‍ നിന്നുള്ള മൂന്ന് വിഭാഗങ്ങളിലുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തലാക്കിയത്.

ഇറക്കുമതി നടത്തിയ കടല്‍ വിഭവങ്ങള്‍ വുഹുവിലെ ഭക്ഷണശാലയിലെ ഫ്രീസറിലായിരുന്നു സൂക്ഷിച്ചിരുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച എല്ലാ വസ്തുക്കളും ആരോഗ്യവകുപ്പ് സീല്‍ ചെയ്തു. ഭക്ഷണശാലയിലെ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ആരോഗ്യ വകുപ്പ് ഇവിടെ എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണ്. ഇക്വഡോറിലെ മൊത്ത വ്യാപാരിയില്‍ നിന്നായിരുന്നു ചെമ്മീനെത്തിച്ചിരുന്നതെന്നാണ് ചൈന വിശദമാക്കുന്നത്.

Exit mobile version