സൗദി അറേബ്യയിലെ 66 ശതമാനം യുവാക്കളും ‘സിംഗിള്‍’; വിവാഹ ജീവിതത്തോട് നോ പറയാനുള്ള യുവത്വത്തിന്റെ കാരണങ്ങള്‍ ഇങ്ങനെ

റിയാദ്: സൗദി അറേബ്യയിലെ 66 ശതമാനം യുവാക്കളും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചന കൂടിയാണ് ഈ സര്‍വേ. 2020ലെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സൗദി യൂത്ത് ഇന്‍ നമ്പേര്‍സ് എന്ന റിപ്പോര്‍ട്ടിലാണ് യുവത്വം വിവാഹ ജീവിതത്തോട് മുഖം തിരിക്കുന്നതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

15-34 പ്രായത്തിനിടയിലുള്ള സൗദിയിലെ 66 ശതമാനം യുവതയും വിവാഹിതരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രായത്തിനിടയിലുള്ള 32 ശതമാനം പേര്‍ മാത്രമാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ യുവാക്കളാണ് വിവാഹം കഴിക്കാത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 76 ശതമാനമാണ് വിവാഹം കഴിക്കാത്ത യുവാക്കള്‍. 56 ശതമാനം യുവതികളും.

വിദ്യഭ്യാസം പൂര്‍ത്തിയാക്കല്‍ , ഉയര്‍ന്ന ജീവിതച്ചെലവ്, വിവാഹച്ചെലവ് എന്നിവയാണ് വിവാഹത്തിനു മടികാണിക്കുന്നതില്‍ ഇവര്‍ പറയുന്ന കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം സൗദി യുവത്വത്തിനിടയിലെ നിരക്ഷരതാ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒപ്പം സൗദി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ട്.

സൗദിയില്‍ പൊതുവെ ചെറിയ പ്രായത്തില്‍ തന്നെ വലിയൊരു ശതമാനം യുവാക്കളും വിവാഹിതരാവുന്ന പ്രവണത നേരത്തെയുണ്ടായിരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Exit mobile version