ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേയ്ക്ക് മാറിയാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണം; കടുപ്പിച്ച് യുഎസ്

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന നിലപാടുമായി അമേരിക്ക. നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ്(ഐഎസ്ഇ) ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. പഠനത്തിനായി നോണ്‍ ഇമിഗ്രന്റ് എഫ്-1, എം-1 വിസകളില്‍ അമേരിക്കയിലെത്തിയ വിദ്യാര്‍ത്ഥികളെയാണ് ഈ നടപടി ഏറ്റവും അധികം ബാധിക്കുക. പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയ സ്‌കൂളുകളില്‍ പഠിക്കുന്ന, നോണ്‍ ഇമിഗ്രന്റ് എഫ്-1, എം-1 വിദ്യാര്‍ത്ഥികള്‍ ഫുള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് യുഎസില്‍ തുടരരുതെന്നാണ് ഐഎസ്ഇ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണം. അല്ലാത്തപക്ഷം, അധ്യാപകര്‍ നേരിട്ട് ക്ലാസ് എടുക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതും നിയമവിധേയവുമായ മറ്റു സ്‌കൂളുകള്‍ കണ്ടെത്തണം. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഐസിഇ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Exit mobile version