പിങ്ക് കണ്ണുകളും കൊവിഡിന്റെ ലക്ഷണ പട്ടികയില്‍; ആദ്യലക്ഷണമെന്ന് പഠനം

ടൊറന്റോ: പിങ്ക് നിറത്തിലുള്ള കണ്ണുകളും കൊവിഡ് 19 ന്റെ ലക്ഷണമെന്ന് പഠനം. ആദ്യത്തെ ലക്ഷണമായി പിങ്ക് കണ്ണുകള്‍ കണ്ടേയ്ക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ കാനഡയിലെ നേത്രരോഗാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29-കാരിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുകയെന്നും കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു.

ആകെയുള്ള കൊവിഡ്-19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം പറയുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേത്രരോഗ ക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിര്‍ദേശം നല്‍കുന്നുണ്ട്.

Exit mobile version