മൂന്ന് നാള്‍ മാത്രം വിധിയെഴുതി, വിധിയെ പൊളിച്ചെഴുതി ഈ സയാമീസ് ഇരട്ടകള്‍; ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സും നേടി

ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ഡ്രൈവിങ് ലൈസന്‍സ് എടുത്ത സയാമീസ് ഇരട്ടകളായ പെണ്‍കുട്ടികളാണ്. മൂന്ന് ദിവസം മാത്രം വിധിയെഴുതിയ ഇവര്‍ വിധിയെ തന്നെ തിരുത്തി എഴുതിയാണ് മുന്‍പോട്ട് പോകുന്നത്. സയാമീസ് അഥവാ കണ്‍ജോയിന്‍ഡ് ഇരട്ടകളാണ് ലുപിതയും കാര്‍മെനും. തങ്ങള്‍ ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഇവര്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നത്.

ജനിച്ചപ്പോള്‍ തന്നെ ഹൃദയഭിത്തിമുതല്‍ പെല്‍വിലസ് വരെ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇരുവരും. വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ. എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനെയും നേരിടണമെന്നും ആളുകള്‍ക്ക് തങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ നീക്കണമെന്നും കരുതിയാണ് ഈ ഒന്നിച്ചുള്ള ഡ്രൈവിങ് പരിശീലനവും ഡ്രൈവിങ് ടെസ്റ്റ് പാസായതും.

2002ലാണ് ഇവരുടെ ജനനം. അടിവയര്‍ മുതല്‍ കൂടി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ഇനി രണ്ട് പേരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ ആവും ഫലമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍, ഈ വിധികളെയെല്ലാം പൊളിച്ചെഴുതിയാണ് ഇവരുടെ ജീവിതം മുന്‍പോട്ട് പോകുന്നത്.

കാര്‍മെന് നേരത്തെ തന്നെ ലൈസെന്‍സ് എടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്ന് ലുപിത പറയുന്നു. ‘അവള്‍ കുറച്ചുകൂടി ഇന്‍ഡിപെന്‍ഡന്റ് ആണ്’. എന്നാല്‍ കാര്‍മെന്‍ പറയുന്നത് ഇങ്ങനെ. ‘എനിക്കാണ് വലതുകാലുള്ളത്.’ മാത്രമല്ല ലുപിതയേക്കാള്‍ കുറച്ച് പൊക്കവും തനിക്കാണ് കൂടുതലെന്ന് കാര്‍മെന്‍. ‘ഡ്രൈവ് ചെയ്യുമ്പോള്‍ എന്റെ വലതുകൈയും അവളുടെ വലതുകൈയും ഉപയോഗിച്ച് സ്റ്റീറിങ് പിടിക്കാനാണ് പിതാവ് പറഞ്ഞത്. എന്നാല്‍ അത് ശരിയാവുന്നുണ്ടായിരുന്നില്ല. പിന്നെ ഞാന്‍ തന്നെ മുഴുവനും ഓടിച്ചു.’ കാര്‍മെന്‍ പറയുന്നു.

ശരീരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷെയര്‍ ചെയ്യുന്ന രീതിയിലാണ് ഇവര്‍. എന്നാല്‍ ഇതില്‍ ഒരാള്‍ക്കാണ് എല്ലാ അവയവങ്ങളുടെയും നിയന്ത്രണം. അതാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ലുപിതയും കാര്‍മെനും ചെറുപ്പത്തില്‍ തന്നെ വളരെക്കാലം ഫിസിയോതെറാപ്പിക്ക് വിധേയരായിരുന്നു.

എങ്ങനെ ഒന്നിച്ച് ഇരിക്കാം, നടക്കാം, കാലുകളും കൈകളും എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ പഠിപ്പിക്കേണ്ടി വന്നു. നാലാമത്തെ വയസ്സുമുതല്‍ ഇരുവരും ആദ്യത്തെ ചുവടുവച്ചു. നട്ടെല്ലിന്റെ ഒരു ഭാഗം വരെ രണ്ടാള്‍ക്കും പൊതുവായതിനാല്‍ ഇരുവരെയും പിരിക്കേണ്ട എന്ന് ഡോക്ടര്‍മാരും ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. രണ്ടാളും ഒന്നിച്ചാണെങ്കിലും വ്യക്തിത്വം രണ്ടാണെന്ന് ഇവരുടെ കുടുംബം പറയുന്നു. കാര്‍മെന്‍ മേക്കപ്പ് ഒക്കെ അണിഞ്ഞ് സുന്ദരിയായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ലുപിത ഇതൊന്നും ശ്രദ്ധിക്കാറെയില്ല. എങ്ങനെയായാലും പിരിയാന്‍ മനസ്സില്ല എന്നാണ് ഇരുവരുടെയും മറുപടി.

Exit mobile version